കൊറോണ മരണം യൂറോപ്പിലും; ഫ്രാന്‍സില്‍ മരിച്ചത് ചൈനീസ് ടൂറിസ്റ്റ്

കൊറോണാവൈറസ് ബാധിച്ച് പാരീസില്‍ ഒരു ടൂറിസ്റ്റ് മരിച്ചു. യൂറോപ്പില്‍ മാരകമായ വൈറസ് ബാധിച്ച് മരിച്ച ആദ്യ വ്യക്തിയാണ് ഇത്. ഫ്രഞ്ച് തലസ്ഥാനത്തെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ രണ്ടാഴ്ചക്കാലം ചികിത്സയില്‍ കഴിഞ്ഞ 80 വയസ്സുള്ള ചൈനീസ് ടൂറിസ്റ്റാണ് മരണമടഞ്ഞത്. ഇതോടെ മരണങ്ങള്‍ നടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഫ്രാന്‍സും ഇടംപിടിച്ചു.

രോഗി മരണപ്പെട്ടതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്‌നസ് ബുസിന്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മകളും വൈറസ് ബാധയേറ്റ് ചികിത്സയിലുള്ളതായി മന്ത്രി വ്യക്തമാക്കി. ഇതുവരെ ആഗോളതലത്തില്‍ 67000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ ഫ്രാന്‍സില്‍ ഇതുവരെ 11 വൈറസ് കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഹുബെയില്‍ നിന്ന് ജനുവരി 16നാണ് രോഗി ഫ്രാന്‍സില്‍ എത്തിച്ചേര്‍ന്നത്. ചൈനയില്‍ വൈറസ് ബാധയുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റ ഈ പ്രവിശ്യയിലാണ് പ്രഭവകേന്ദ്രമായ വുഹാന്‍ സ്ഥിതി ചെയ്യുന്നത്. ജനുവരി 25നാണ് പാരീസിലെ ബിഷറ്റ് ക്ലോഡ് ബെര്‍നാഡ് ഹോസ്പിറ്റലില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയാതെ രോഗം മൂര്‍ച്ഛിച്ചു.

അതേസമയം ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ മകളെ ഉടന്‍ ആശുപത്രിയില്‍ നിന്നും മോചിപ്പിക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഏഷ്യക്ക് പുറത്ത് നടന്ന ആദ്യത്തെ മരണം കൂടിയാണിത്. 2.1 മില്ല്യണ്‍ ജനസംഖ്യയാണ് പാരീസിലുള്ളത്. ഓരോ വര്‍ഷവും 19.1 മില്ല്യണ്‍ ടൂറിസ്റ്റുകളാണ് ഫ്രഞ്ച് തലസ്ഥാനത്ത് എത്തുന്നത്.

Top