ഡല്‍ഹി: അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണെമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി തീരുമാനം വൈകും. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന ബാലാവകാശ കമ്മീഷനും നല്‍കിയ അപേക്ഷകള്‍ ഓഗസ്റ്റ് 16-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
പേബാധിച്ച തെരുവ് നായകളെയും അക്രമകാരികളായ തെരുവ് നായകളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെ പോലും തെരുവ് നായകളുടെ അക്രമം വര്‍ദ്ധിച്ച് വരികയാണ്. കേരളത്തിന് എതിരെ വ്യാജപ്രചാരണങ്ങള്‍ മൃഗസ്നേഹികളുടെ സംഘടന നടത്തുകയാണെന്നും ഇരുവരും ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ 6 സ്‌കൂളുകള്‍ തെരുവ് നായ ശല്യം കാരണം അടച്ചിട്ടിരിക്കുകയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയ്മോന്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ABC ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് മൃഗസ്നേഹികളുടെ സംഘടനകള്‍ വാദിച്ചു. എബിസി ചട്ടങ്ങള്‍ നടപ്പാക്കിയ ഡല്‍ഹി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കുറവാണെന്നും സംഘടനകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ വ്യാപകമായി തെരുവ് നായകളെ കൊല്ലുകയാണെന്നും അതിനാല്‍ അത് തടയാന്‍ നിര്‍ദേശിക്കണെമന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ആനന്ദ് ഗ്രോവര്‍ കൃഷ്ണന്‍ വേണുഗോപാല്‍ തുടങ്ങി ഒരു ഡസനോളം അഭിഭാഷകര്‍ ഹാജരായിരുന്നു. മൃഗ ക്ഷേമ ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ ഹാജരായി.
മുന്‍ രാജ്യസഭാ അംഗം അല്‍ഫോണ്‍സ് കണ്ണന്താനവും കേസില്‍ ഹാജരായിരുന്നു. പ്രശ്നത്തിന് പരിഹാരമായി അല്‍ഫോണ്‍സ് തയ്യാറാക്കിയ ശുപാര്‍ശകള്‍ കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വൈകാരികമായി ചിലര്‍ കാണുന്ന വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് ഇടക്കാല ഉത്തരവ് ഇടാന്‍ വിസമ്മതിച്ച കോടതി, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും അപേക്ഷകളുടെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ അപേക്ഷകളില്‍ മറുപടി നല്‍കാന്‍ എതിര്‍ കക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.