ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരെ കെയ്‌റോ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലില്ല; ഈജിപ്തിലെ ഇന്ത്യന്‍ എംബസി

സ്രയേലിലെ ഇന്ത്യന്‍ പൗരന്മാരെ കെയ്‌റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് ഈജിപ്തിലെ ഇന്ത്യന്‍ എംബസി. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ റോഡ് മാര്‍ഗം ഇവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെയുള്ള ഒറ്റപ്പെട്ട തീര്‍ഥാടന യാത്രക്കാരെ മാത്രമാണ് കെയ്‌റോ വഴി ഒഴിപ്പിക്കുക. അല്ലാതെ വിപുലമായ ഒഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നാണ് ഈജിപ്തിലെ ഇന്ത്യന്‍ എംബസി പറഞ്ഞത്.

സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.വേണ്ടിവന്നാല്‍ ഒഴിപ്പിക്കല്‍ സജ്ജമായിരിക്കാന്‍ വ്യോമ- നാവിക സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഏകദേശം 18,000-ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള നിര്‍ണായക ആശയ വിനിമയങ്ങള്‍ ഇന്നു നടക്കും.

ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരോട് ‘ജാഗ്രത പാലിക്കാനും’ അടിയന്തരഘട്ടത്തില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പോളണ്ട് തങ്ങളുടെ പൗരന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമാണ് പോളണ്ട്. തായ്ലന്‍ഡും പൗരന്മാരെ ഒഴിപ്പിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.

Top