സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കാണ് ഏത് ഭരണകൂടവും പ്രാധാന്യം കൊടുക്കേണ്ടത്. അതു തന്നെയാണ് റഷ്യന്‍ ഭരണകൂടവും ഇeപ്പാള്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു അന്താരാഷ്ട്ര നിയമവും ബാധകമല്ല. മറ്റു രാജ്യങ്ങളില്‍ കടന്നു കയറി ഭീതിവിതയ്ക്കുന്ന അമേരിക്കയ്ക്ക് റഷ്യയെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. അതിര്‍ത്തി കടന്നുള്ള സൈനിക നടപടിയല്ല സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള സുരക്ഷാകവചമാണ് റഷ്യ ഇപ്പോള്‍ ഒരുക്കുവാന്‍ ശ്രമിക്കുന്നത്.
കിഴക്കന്‍ യുക്രെയ്‌നിലെ വിമത നിയന്ത്രിത പ്രദേശങ്ങളായ ലുഹാന്‍സ്‌കിനെയും ഡോണറ്റ്‌സ്‌കിനെയും, സ്വതന്ത്രരാജ്യങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അംഗീകരിച്ചത് റഷ്യയുടെ തന്ത്രപരമായ നീക്കം തന്നെയാണ്. ഈ രണ്ടു പ്രവശ്യയിലുമായി 30 ശതമാനത്തിലേറെ റഷ്യക്കാരാണുള്ളത് എന്നതും, നാം ഓര്‍ക്കണം. പ്രശ്‌നം കേവലം യുക്രയിന്‍ മാത്രമല്ല, അതിനും അപ്പുറമാണ് എന്നതും വ്യക്തം. ഇന്ത്യ 1971-ല്‍, കിഴക്കന്‍ പാക്കിസ്ഥാനില്‍ നേരിട്ട അതേ അവസ്ഥയാണ് റഷ്യ യുക്രെയിനില്‍ ഇപ്പോള്‍ നേരിടുന്നത്.
പടിഞ്ഞാറന്‍ പാകിസ്ഥാനില്‍നിന്ന് ഭൂമിശാസ്ത്രപരവും സാംസ്‌കാരികമായും വേറിട്ടുനിന്ന കിഴക്കന്‍ പാകിസ്ഥാന് വിമോചനം നേടികൊടുത്തത് ഇന്ത്യന്‍ സൈന്യമാണ്. തുടര്‍ന്നാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്രപരമാധികാര രാജ്യം നിലവില്‍ വന്നിരുന്നത്. കേവലം 13 ദിവസംകൊണ്ടാണ് ഇന്ത്യന്‍ സൈന്യം ഈ യുദ്ധം ജയിച്ചിരുന്നത്. ഇന്ത്യന്‍ നാവികസേനയെ തടയാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍യുദ്ധക്കപ്പല്‍ എത്തിയെങ്കിലും ഇന്ത്യക്കായി പ്രതിരോധകോട്ട ഉയര്‍ത്തിയ സോവിയറ്റ് യൂണിയന്റെ യുദ്ധക്കപ്പലുകള്‍ കണ്ടതോടെ അമേരിക്കന്‍ സേന പേടിച്ച് പിന്‍മാറുകയാണ് ഉണ്ടായത്. റഷ്യയുടെ ഈ സഹായം ഒരു കാലത്തും… ഇന്ത്യയെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല.
റഷ്യയെ വിമര്‍ശിക്കുന്ന നാവുകള്‍ ഇതും ഓര്‍ത്തുകൊള്ളണം. ഇന്നും ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാവുന്ന ശക്തമായ പങ്കാളിയാണ് റഷ്യ. സോവിയറ്റ് യൂണിയന്‍ എന്ന നിലയില്‍ തകര്‍ന്നിട്ടും ആ രാജ്യം ഒരിക്കല്‍ പോലും ഇന്ത്യയെ കൈവിട്ടിട്ടില്ല. എന്നാല്‍, അമേരിക്ക അങ്ങനെയല്ല പാക്കിസ്ഥാന്റെ ഒപ്പംകൂടി ദോഹിച്ച ഒരു കാലം ആ രാജ്യത്തിനുണ്ട്. ചൈനയെ തുരത്താന്‍ ഒരു ‘കൈ’ സഹായം പ്രതീക്ഷിച്ചു മാത്രമാണ് അമേരിക്ക നിലവില്‍ ഇന്ത്യക്കൊപ്പം കൂടിയിരിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയും അമേരിക്കയുടെ മനംമാറ്റത്തിനു മറ്റൊരു കാരണമാണ്.
അതേസമയം ചൈനയുമായി സഹകരണം തുടരുമ്പോഴും ഇന്ത്യയെ വിട്ടൊരു കളിക്കും റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയെ ഇന്ത്യക്കെതിരായ നീക്കത്തില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നതില്‍ റഷ്യന്‍ നിലപാടിന് വലിയ പങ്കാണുള്ളത്. ഇതെല്ലാം അറിയുന്നതു കൊണ്ടു തന്നെയാണ് യുക്രെയിന്‍ വിഷയത്തില്‍ റഷ്യക്കെതിരായ നിലപാട് ഇന്ത്യയും സ്വീകരിക്കാതിരിക്കുന്നത്. 2014-ല്‍ യുക്രയിനില്‍ അമേരിക്കന്‍ അനുകൂലികള്‍ അധികാരത്തില്‍ വന്നതോടെയാണ്, സ്ഥിതി വഷളായി തുടങ്ങിയത്.
ഹിറ്റ്‌ലറുടെ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ യുക്രെയിന്‍ വഴി കടന്നു വന്ന സൈന്യവുമായി യോജിച്ചവരുടെ പിന്‍മുറക്കാരാണിവര്‍… സ്റ്റാലിന്‍ അക്കാലത്ത് ശക്തമായി നല്‍കിയ മറുപടി തന്നെയാണ്, പുതിയ കാലത്ത് റഷ്യയും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. യുക്രയിന്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിലേക്കല്ല ആ രാജ്യത്തെ മറയാക്കി പാശ്ചാത്യശക്തികള്‍, പ്രത്യേകിച്ച് അമേരിക്ക ഉള്‍പ്പെടെ നടത്തുന്ന നീക്കങ്ങളെയാണ് റഷ്യ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
യുക്രെയിന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായാല്‍ അമേരിക്കക്ക് വളരെ എളുപ്പത്തില്‍ റഷ്യയെ ആക്രമിക്കാന്‍ സാധിക്കും. അതായത് ഒരു മിസൈല്‍ യുക്രെയിനില്‍ നിന്നും പറന്നുയര്‍ന്നാല്‍ വെറും അഞ്ചു മിനുട്ട് മാത്രം മതിയാകും അതിനു മോസ്‌കോയെ ചാമ്പലാക്കാന്‍. ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. സൂപ്പര്‍ പവറായ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബാലന്‍സാണ് അതോടെ തകിടം മറിയുക. സോവിയറ്റ് യൂണിയന്‍ തകരുന്ന സമയത്ത് ഗോര്‍ബച്ചേവിനു നല്‍കിയ വാഗ്ദാനം കൂടിയാണ് അമേരിക്ക ഇവിടെ ലംഘിച്ചിരിക്കുന്നത്.
ജര്‍മ്മനി ഏകീകരിക്കുന്നതിനുള്ള സമ്മതം സോവിയറ്റ് യൂണിയന്‍ കൊടുക്കുകയാണെങ്കില്‍ അതിനു പകരമായി റഷ്യയുടെ സുരക്ഷയെ മാനിച്ച് നാറ്റോ ഒരിഞ്ചുപോലും കിഴക്കോട്ട് പോകില്ലന്നാണ് അന്ന്… അമേരിക്ക ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ 1997-ല്‍ ഈ വാക്ക് ലംഘിച്ച് നാറ്റോ കടന്നു കയറുകയാണ് ഉണ്ടായത്. സാമ്രാജ്വത്വ കഴുകന്‍, അതിന്റെ തനിരുപം പ്രകടിപ്പിക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രം റഷ്യ ഭീരുക്കളല്ല. ഹിറ്റ്‌ലറെ വധിച്ച ചെമ്പടയുടെ പിന്‍മുറക്കാര്‍ തന്നെയാണവര്‍. അതുകൊണ്ടു തന്നെ പ്രതിരോധവും സ്വാഭാവികം തന്നെയാണ്.
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുക്രെയിനും കിഴക്കന്‍ യൂറോപ്പും എല്ലാം… റഷ്യയിലേക്കുള്ള പ്രധാന റൂട്ടുകളാണ്. സൈനിക ടാങ്കുകള്‍ക്ക് ഇതിലുടെ കടന്നുവരാന്‍ എളുപ്പത്തില്‍ സാധിക്കും. മുന്‍പ് സ്വീഡനിലെ ചാള്‍സ് പന്ത്രണ്ടാമന്‍ മഹാരാജാവും നെപ്പോളിയനും, ജര്‍മ്മനിയിലെ നാസികളും ഉള്‍പ്പെടെ വന്ന റൂട്ടാണിത്. ഇവിടെ ഒരു സുരക്ഷാ കവചം വേണമെന്നത് റഷ്യ എല്ലാക്കാലത്തും ആഗ്രഹിക്കുന്നതാണ്. അതാകട്ടെ റഷ്യയുടെ സുരക്ഷക്ക് അനിവാര്യവുമാണ്.
യുക്രെയിനെ നാറ്റോ രാജ്യമാക്കി റഷ്യക്ക് ഭീഷണി ഉയര്‍ത്തുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മൂന്നാം കക്ഷി നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ത്യാ വിരുദ്ധരായ ശക്തിയെ അധികാരത്തില്‍ ഏറ്റിയാല്‍ എന്താണോ ഇന്ത്യക്കുള്ള ഭീഷണി …. അതു തന്നെയാണ് യുക്രെയിനെ മുന്‍ നിര്‍ത്തി അമേരിക്കയും ഇപ്പോള്‍ റഷ്യക്ക് നല്‍കുന്നത്.
ഇക്കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാന്‍, ഇന്ത്യക്ക് കഴിയാത്തതു പോലെ തന്നെ റഷ്യക്കും അതിനു സാധിക്കുകയില്ല. ആ വികാരം നാം മനസ്സിലാക്കുക തന്നെ വേണം. രാജ്യത്തിന്റെ സുരക്ഷ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രധാനം. ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ മേധാവിത്വം വീണ്ടും സ്ഥാപിക്കാനാണ് നാറ്റോയെ മുന്‍ നിര്‍ത്തി ജോ ബൈഡന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2000-നു ശേഷം, സാമ്പത്തികമായും, റഷ്യ ഏറെ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ഇതും അമേരിക്കയെ സംബന്ധിച്ച് ഉറക്കം കെടുത്തുന്നതാണ്.
പഴയ പ്രതാപത്തിലേക്ക് മടങ്ങിപ്പോകാനാണ് പുട്ടിന്റെ കാലത്ത് റഷ്യ ശ്രമിക്കുന്നത്. അതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്. അമേരിക്കന്‍ സഖ്യകക്ഷിയായ ജര്‍മ്മനിക്ക് റഷ്യ ഗ്യാസ് കൊടുക്കുന്നത് തന്നെ വളരെ തുച്ഛമായ വിലക്കാണ്. അമേരിക്കക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള വിലക്കുറവാണിത്. റഷ്യയെ തുരത്തേണ്ടത് ഇതോടെ അമേരിക്കയുടെ പരമപ്രധാനമായ ആവശ്യമായാണ് മാറിയിരിക്കുന്നത്.
ജര്‍മ്മനി – റഷ്യ ബന്ധം പോലെ… റഷ്യ – ഫ്രാന്‍സ് ബന്ധം ശക്തമാകുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെ പോയാല്‍ തങ്ങളുടെ സഖ്യകക്ഷികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിള്ളലും, അമേരിക്ക മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടാണ് ഒരു മുഴം മുന്‍പേ അമേരിക്ക ഇപ്പോള്‍ ഇറങ്ങി ക്കളിച്ചിരിക്കുന്നത്. റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കേണ്ടത് യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാണ് ഇപ്പോള്‍ ഏറെ ആവശ്യം.
ട്രംപിന്റെ കാലത്ത് യൂറോപ്പും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത് നേരെയാക്കേണ്ടതും ജോ ബൈഡനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയുള്ള ഒരു നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. റഷ്യക്കെതിരെ ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും എല്ലാം ഉപരോധം ചുമത്തിയാല്‍, റഷ്യ വരുതിയില്‍ വരുമെന്നതാണ് അമേരിക്കയുടെ പ്രതീക്ഷ. അതിമോഹമാണിത് …
സൈനികമായി മാത്രമല്ല ഉപരോധം കൊണ്ടും കീഴടക്കാന്‍ പറ്റുന്ന ഒരു രാജ്യമല്ല റഷ്യ. ലോകത്തിലെ നമ്പര്‍ വണ്‍ സൈനിക ശക്തിയാണ് റഷ്യ. അമേരിക്കയേക്കാള്‍, നാറ്റോ സഖ്യത്തേക്കാള്‍ ആണവ ശേഖരവും റഷ്യയിലുണ്ട്. ആ രാജ്യത്തെ തൊട്ടാല്‍ പൊള്ളുക ലോകം ആകെയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ആയുധം ഉപേക്ഷിച്ച് പലായനം ചെയ്ത അമേരിക്ക മഹാശക്തിയായ റഷ്യയെ വിരട്ടാന്‍ ശ്രമിക്കരുത്. ഇറാന്‍ സൈനിക കമാന്‍ണ്ടറെ ഒളിച്ചിരുന്ന് കൊലപ്പെടുത്തിയ തന്ത്രമൊന്നും റഷ്യയോട് ചിലവാകില്ല.
ഉത്തര കൊറിയയുടെ മിസൈലിനെ പോലും ഭയക്കുന്നവര്‍ റഷ്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍, സ്വയം നാശം വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും അത്…അമേരിക്കയുടെ ശേഷിയും സ്ഥിരതയും പരക്കെ ചോദ്യം ചെയ്യപ്പെടുന്ന കാലമായതിനാല്‍ നാറ്റോയിലെ സഖ്യകക്ഷികള്‍ വരെ പിറകോട്ടടിക്കാനാണ് സാധ്യത. താല്‍ക്കാലികമായ ഒരു ഉപരോധം എന്നതിനപ്പുറം റഷ്യയുമായി ഒരു യുദ്ധത്തിന് അവരാരും തന്നെ തയ്യാറാകാന്‍ സാധ്യതയില്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും.
EXPRESS KERALA VIEW