കോൺഗ്രസ്സ് ജയിച്ചാലും കർണ്ണാടക ബി.ജെ.പി തന്നെ ഭരിച്ചേക്കും ?

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് ഏറ്റവും അധികം വിജയ പ്രതീക്ഷ വച്ചു പുലർത്തുന്ന സംസ്ഥാനമാണ് കർണ്ണാടക. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും കർണ്ണാടകയിൽ മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. കോൺഗ്രസ്സിന്റെ പ്രതീക്ഷക്ക് ആവേശം പകരുന്ന സർവ്വേ ഫലവും പുറത്തു വന്നു കഴിഞ്ഞു. ഇതു പ്രകാരം, 224 അംഗ നിയമസഭയിൽ 108 മുതൽ 114 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവ്വേ പ്രവചിച്ചിരിക്കുന്നത്. കർണാടകയിലെ ഐപിഎസ്എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്എഎസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയിരിക്കുന്നത്. നവംബർ 20 മുതൽ ജനുവരി 15 വരെ കാലയളവിൽ നടത്തിയ സർവ്വേയിൽ, ബി ജെ പിക്ക് 75 സീറ്റുകൾ മാത്രമാണ് പ്രവചിച്ചിരിക്കുന്നത്.

ഇക്കുറി കോൺഗ്രസിന്റെ വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ അവകാശപ്പെടുന്നുണ്ട്. കോൺഗ്രസ് വോട്ട് വിഹിതം 38.14 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരുമെന്നും അതേസമയം, ബി ജെ പിയുടെ വോട്ട് ശതമാനം 36.35 ശതമാനത്തിൽ നിന്ന് 2.35% കുറഞ്ഞ് 34 ശതമാനമാകുമെന്നുമാണ് പ്രവചനം. ജെ ഡി എസിന് ഇത്തവണയും നിരാശയാണ് ഈ സർവ്വേ പവചിക്കുന്നത്. ആ പാർട്ടിക്ക് 24 മുതൽ 34 വരെ സീറ്റുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജെ.ഡി.എസിന്റെ വോട്ട് ശതമാനം 18. 3 ൽ നിന്നും 17 ശതമാനമായി കുറയുമെന്നും,ചെറുപാർട്ടികളും സ്വതന്ത്രരും ചേർന്ന് ഏഴ് സീറ്റുകൾ നേടുമെന്നുമാണ് , സർവേ റിപ്പോർട്ടിൽ പറയുന്നത്. ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രർ ഉൾപ്പെടെ മറ്റുള്ളവർക്ക് 6 ശതമാനം വോട്ടുകളാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഈ സർവേ ഫലം കോൺഗ്രസ്സിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും നേതൃത്വത്തിന് ആശങ്കകൾ ഏറെയാണ്. അതിനു പ്രധാന കാരണം സ്വന്തം പാർട്ടി ജനപ്രതിനിധികളിൽ വിശ്വാസമില്ലാത്തതു തന്നെയാണ്. കഴിഞ്ഞ തവണ കോൺഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിനു ലഭിച്ച അധികാരമാണ് ബി ജെ പി ഹൈജാക്ക് ചെയ്തിരുന്നത്. ഇതേ സാഹചര്യം വീണ്ടും ആവർത്തിച്ചാൽ ഭൂരിപക്ഷം ലഭിച്ചില്ലങ്കിലും ബി.ജെ.പി തന്നെ അട്ടിമറിയിലൂടെ അധികാരം പിടിക്കാനാണ് സാധ്യത. ഭരണം കൈവിട്ടു പോകാതിരിക്കാൻ കര്‍ണാടകയ്ക്ക് കേന്ദ്രബജറ്റില്‍ വലിയ സാമ്പത്തിക സഹായമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖാപിച്ചിരിക്കുന്നത്. 5,300 കോടി രൂപയുടെ സഹായമാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മധ്യ കര്‍ണാടകയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

വിവാദ വിഷയങ്ങൾ രാഷ്ട്രീയ നേട്ടമാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ്. സർവേ ഫലങ്ങളുടെ പശ്ചാത്തലത്തിൽ ജെ.ഡി.എസുമായി ധാരണയിലെത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയും ബി.ജെ.പിയെ സംബന്ധിച്ച് വലിയ കരുത്ത് തന്നെയാണ്.

എന്നാൽ ഇരു വിഭാഗവും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. നിലവിലെ മുഖ്യമന്ത്രി മാറണമെന്ന വികാരം ബി.ജെ.പി നേതാക്കളിൽ പ്രകടമായതിനാൽ അപ്രതീക്ഷിത സ്ഥാനാർത്ഥി വരാനും സാധ്യത ഏറെയാണ്. അതേസമയം, യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷനും എം.പിയുമായ തേജസി സൂര്യയെ ഉയർത്തിക്കാട്ടണമെന്ന അഭിപ്രായം ആർ.എസ്.എസ് നേതൃത്വത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദമോദിയുടെ ഗുഡ് ബുക്കിലുള്ള തേജസി സൂര്യ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ അത് യുവജനങ്ങളിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് ആർ.എസ്.എസ് കരുതുന്നത്. ഇക്കാര്യത്തിലും മോദി തന്നെയായിരിക്കും അന്തിമ തീരുമാനം കൈ കൊള്ളുക. കോൺഗ്രസ്സിലാകട്ടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും മുൻപന്തിയിലുള്ളത് ഡി കെ ശിവകുമാറാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മികച്ച പ്രകടനം കാഴ്ചവച്ചതും ഈ നേതാവിന്റെ നേതൃത്വത്തിലാണ്. വലിയ വ്യവസായി കൂടിയായ ഡി.കെ ശിവകുമാറിന് രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധമാണ് ഉള്ളത്. എന്നാൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തവണയും കളത്തിലുണ്ട്. ഡി.കെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം വലിയ കലിപ്പിലാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കോൺഗ്രസ്സ് ഭൂരിപക്ഷം നേടിയാലും സിദ്ധരാമയ്യ എം.എൽ.എമാരെ പിളർത്തി ബി.ജെ.പി പാളയത്തിൽ പോകാൻ സാധ്യത കൂടുതലാണ്. സിദ്ധരാമയ്യയെ നായകനാക്കിയാൽ ഡി.കെ ശിവകുമാറും കോൺഗ്രസ്സ് നേതൃത്വത്തോട് ഉടക്കും. സത്യത്തിൽ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ്സ് ഹൈക്കമാന്റുള്ളത്.

sidd

ഇതോടൊപ്പം തന്നെ ഭൂരിപക്ഷ വോട്ടുകളും ജാതി വോട്ടുകളും സ്വാധീനിക്കാനും ശക്തമായ ഇടപെടലുകളാണ് ബി.ജെ.പി നടത്തി വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബി.ജെ.പി. പ്രചരണങ്ങൾക്ക് തന്ത്രം മെനയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബി.ജെ.പി നേതാക്കൾ കർണ്ണാടകയിൽ എത്തും. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികളോടെ പ്രചരണ രംഗത്തും വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സിൽ നിന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കർണ്ണാടകയിൽ കേന്ദ്രീകരിക്കുന്നത്. കേരള നേതാക്കളും കർണ്ണാടകയിൽ പ്രചരണത്തിനെത്തും.

കർണ്ണാടകയിൽ വിജയിക്കാൻ കഴിഞ്ഞില്ലങ്കിൽ രാഹുൽ ഗാന്ധിയെ സംബന്ധിച്ച് വ്യക്തിപരമായും അത് വളരെ തിരിച്ചടിയാകും. കൊട്ടിഘോഷിച്ച് നടത്തിയ ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ റിസൾട്ടു കൂടിയാണ് കർണ്ണാടകയിൽ നിന്നും വരാനിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കർണ്ണാടകയുടെ അയൽ പ്രദേശമായ വയനാട് എംപി കൂടിയായ രാഹുൽ കർണ്ണാടകയിൽ കൂടുതൽ ദിവസം പ്രചരണത്തിനിറങ്ങാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം എ.ഐ.സി.സി കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്.

EXPRESS KERALA VIEW

Top