ആദ്യ ദിനം ആറോ ഏഴോ വിക്കറ്റ് നഷ്ടമായാല്‍ പോലും സ്‌കോര്‍ 350 കടക്കുമായിരുന്നു:ഷര്‍ദുല്‍ താക്കൂര്‍

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ ഷര്‍ദുല്‍ താക്കൂറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് മുംബൈയെ 224ല്‍ എത്തിച്ചത്. 75 റണ്‍സെടുത്ത ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ മുംബൈ നിരയിലെ ടോപ് സ്‌കോററായി. എന്നാല്‍ ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ തുടങ്ങിയ താരങ്ങള്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന സ്‌കോറിലായിരുന്നു. എന്നാല്‍ പെട്ടെന്നുതന്നെ മുംബൈ ആറിന് 111 എന്ന് തകര്‍ന്നടിഞ്ഞു. താക്കൂര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഇല്ലായിരുന്നുവെങ്കില്‍ മുംബൈ സ്‌കോര്‍ ഇതിലും ദയനീയമാകുമായിരുന്നു.

സെമി ഫൈനലിലും താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയ്ക്ക് തുണയായത്. പിന്നാലെ മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം കൂടിയായ താക്കൂര്‍. രഞ്ജി ഫൈനലില്‍ നേടിയ സ്‌കോറില്‍ മുംബൈ ടീം തൃപ്തരല്ല. പ്രത്യേകിച്ച് മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനം മോശമാണ്. മത്സരത്തില്‍ മുന്‍നിരയില്‍ നിന്നും മികച്ച സംഭാവന ഉണ്ടായിരുന്നെങ്കില്‍ ആദ്യ ദിനം ആറോ ഏഴോ വിക്കറ്റ് നഷ്ടമായാല്‍ പോലും സ്‌കോര്‍ 350 കടക്കുമായിരുന്നു. അതിനായുള്ള ശ്രമങ്ങള്‍ പോലും മുംബൈ താരങ്ങള്‍ നടത്തിയില്ലെന്നും താക്കൂര്‍ വ്യക്തമാക്കി.

Top