കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍. പ്രതിയുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും പകര്‍ത്തിയെടുക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ഈ മുറിയില്‍ സജ്ജമാക്കിയിരിക്കുന്നത്. വിവാദമായ കേസുകളില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് പ്രത്യേകം സജ്ജീകരിച്ച ഈ മുറി ഉപയോഗിക്കുക.
പ്രതിയില്‍ ഉണ്ടാകുന്ന നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ തുടങ്ങിയവ പകര്‍ത്തി സൂക്ഷിച്ച് വയ്ക്കാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളുമാണ് ഈ മുറിയിലുള്ളത്. പൂര്‍ണ്ണമായും ശീതീകരിച്ച ഈ മുറിയില്‍ റിക്കോഡിങ് ക്യാമറ, 180 ഡിഗ്രി ദൃശ്യപരതയുള്ള നാല് ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
സീനിയര്‍ പൊലീസ് ഓഫിസര്‍ക്കാണ് ചോദ്യം ചെയ്യല്‍ മുറിയുടെ ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാകും മുറിക്കുള്ളിലുണ്ടാവുക. അകത്ത് നിന്ന് പുറത്തേക്ക് കാണാന്‍ പാകത്തിലാണ്, എന്നാല്‍ അകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പുറത്തുനിന്ന് കാണാനാകില്ല. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.