പെന്‍ഷന്‍ കൊടുക്കാനില്ല, ഹെലികോപ്ടറില്‍ പറക്കാന്‍ പണമുണ്ട് ; പിണറായിക്കെതിരെ ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്ടറില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും സര്‍ക്കാരിന് പണമുണ്ടെന്നും, ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട് നിരാലംബരായ കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരില്‍ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും, വൃദ്ധരും അവശരുമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനു പോലും കാശില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച കെഎസ്ആര്‍ടിസി റിട്ട. ഡ്രൈവര്‍ വാളായിക്കുന്ന് തട്ടുംപുറത്തു പരേതനായ മാധവന്റെ ഭാര്യ തങ്കമ്മയെ (63) വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമായ കെഎസ്ആര്‍ടിസി കുടുംബ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

17 വര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്നു വിരമിച്ച മാധവന്‍ എട്ടു വര്‍ഷം മുന്‍പു മരിച്ചതോടെ, രോഗികളായ രണ്ട് ആണ്‍മക്കളടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത് തങ്കമ്മയാണ്. ആശ്രിതയെന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നു മാസംതോറും ലഭിച്ചിരുന്ന പെന്‍ഷന്‍ തുകയായിരുന്നു ഏക വരുമാനം.

അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു.

Top