സൂയസ് കനാലില്‍ നിന്നും എവര്‍ഗിവണിന്റെ കുരുക്കഴിച്ച ‘സൂപ്പര്‍മൂണ്‍’

നീണ്ട ഒരാഴ്ചയാണ് ഒരു കപ്പല്‍ ലോകത്താകെയാകെ പ്രതിസന്ധിയിലാക്കിയത്. സൂയസ് കനാലിലെ മണ്‍തിട്ടയില്‍ എവര്‍ഗിവണ്‍ എന്ന ചരക്കുകപ്പല്‍ കുടുങ്ങിയപ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാകാനാകാതെ മുന്നൂറോളം കപ്പലുകളും ശ്വാസം മുട്ടി. ഒടുവില്‍ ഒട്ടേറെ പരിശ്രമങ്ങള്‍ക്ക് ശേഷം എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങിയപ്പോള്‍ ലോകം ഒന്നാകെ ആശ്വസിച്ചു. എന്നാല്‍ എങ്ങനെയാണ് എവര്‍ഗിവണിന്റെ കുരുക്കഴിച്ച് സൂയസ് കനാല്‍ പ്രതിസന്ധി പരിഹരിച്ചത്. അതിന് ഒരാളോട് നന്ദി പറയണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. സൂപ്പര്‍മൂണ്‍ എന്ന സൂപ്പര്‍മാന്.

പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍. വേലിയേറ്റ സമയത്താണു കപ്പല്‍ നീക്കിയത്. സൂപ്പര്‍മൂണ്‍ മൂലമുണ്ടായ ഉയര്‍ന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണു കണ്ടെയ്‌നറിനെ ഇളക്കാന്‍ സഹായിച്ചതെന്നാണു റിപ്പോര്‍ട്ട്. ഇതോടൊപ്പം 14 ടഗ്ഗുകള്‍ കൂടി അണിനിരന്നതോടെ കപ്പലിന്റെ തടസ്സം നീക്കാനായെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കപ്പലിനെ മണല്‍ കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ മുപ്പതിനായിരം ക്യുബിക് മീറ്റര്‍ മണ്ണും മണലുമാണ് സൂയസ് കനാലില്‍ നിന്ന് നീക്കിയത്. സൂയസില്‍ കപ്പല്‍ കുടുങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് നിന്നുപോയത്.ഇതെതുടര്‍ന്ന് പ്രതിദിനം നൂറ് കോടിയുടെ നഷ്ടം സൂയസ് അതോറിറ്റിക്കുണ്ടായി. ഈ മാസം 23നാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എവര്‍ഗ്രീന്‍ കമ്പനിയുടെ എവര്‍ഗിവണ്‍ ചരക്കുകപ്പല്‍ സൂയസ് കനാലില്‍ മണലിലിടിച്ച് കുരുങ്ങിയത്.

മണലിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടെങ്കിലും എവര്‍ ഗിവണിന് ഉടന്‍ തീരം വിടാനാകില്ല.. വിദഗ്ധ സംഘത്തിന്റെ പരിശോധന കഴിഞ്ഞേ മടങ്ങാനാകൂ.

 

Top