every indian is a vip-says narendramodi

ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ പൗരനും പ്രധാന വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി.

വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റീസ് എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരിക.

എമര്‍ജന്‍സി വാഹനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല. എന്നാല്‍ പൊലീസ്, ആംബുലന്‍സ്, അഗ്‌നിശമന സേന, പട്ടാള വാഹനങ്ങള്‍ തുടങ്ങിയവ നീല നിറത്തിലുള്ള ബീക്കണ്‍ ഉപയോഗിക്കണം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് സംബന്ധിച്ച തീരുമാനമുണ്ടായത്.

റോഡ് ഗതാഗത മന്ത്രാലയം ബീക്കണ്‍ ലൈറ്റുകള്‍ സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചിരുന്നെങ്കിലും തീരുമാനമുണ്ടാവുന്നതിന് ഒന്നര വര്‍ഷം കാലതാമസം നേരിട്ടു. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍, പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ തുടങ്ങിയവര്‍ സമാനമായ തീരുമാനം നേരത്തെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

Top