നല്ല നേതാവെന്ന് മോദിയെ അപൂർവ്വം ചില മെത്രാന്മാർ പറയുന്നത് എന്ത് പേടിച്ചിട്ടെന്ന് എല്ലാവർക്കും അറിയാം: ബേബി

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ വീടുകളിലെ ആർ എസ് എസിന്റെ സന്ദർശനത്തെ വിമർശിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. മതത്തിന്റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയായ ആർ എസ് എസ് ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴും എന്ന് കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണെന്ന് ബേബി അഭിപ്രായപ്പെട്ടു. മോദി നല്ല നേതാവാണെന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ടെന്നും അവർ എന്തുപേടിച്ചാണ് ഇത് പറയുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർ എസ് എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണെന്നും ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

എം എ ബേബിയുടെ കുറിപ്പ്

കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർ എസ് എസുകാർ ഇന്ന് സന്ദർശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആർ എസ് എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരിൽ മലകയറാൻ ആർ എസ് എസ് നേതാവ് എ എൻ രാധാകൃഷ്ണൻ പോയിരുന്നു. മുന്നൂറ് മീറ്റർ നടന്നു തിരിച്ചും പോയി.

ഭൂരിപക്ഷമതത്തിന്റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടന യാണ് ആർ എസ്സ് എസ്സ് എന്ന് ആർക്കാണ് അറിയാത്തത്? ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴും എന്ന് ആർ എസ് എസുകാർ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്.

മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം. ഇവർ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർ എസ് എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും , ആർ എസ് എസുകാരെ ഒരിക്കലും സഹകരിക്കാൻ പറ്റാത്തവരായി കണക്കാക്കും എന്നതിൽ സംശയമില്ല.

Top