ആഗോള മാന്ദ്യം; ഇന്ത്യയടക്കമുള്ള സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന്…

വാഷിങ്ടണ്‍: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണമെന്നാണ് ക്രിസ്റ്റലീന പറയുന്നത്.

അടുത്ത വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമാണ് വ്യാപാര യുദ്ധം സൃഷ്ടിക്കുക. ഇത് ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമെന്നും അവര്‍ പറഞ്ഞു. വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാണിച്ചു.

വ്യാപാര യുദ്ധം ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെപ്പോലെയുള്ള വളര്‍ന്നുവരുന്ന വിപണികളെ കാര്യമായിബാധിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്ക, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ്. വളര്‍ന്നുവരുന്ന വലിയ വിപണികളായ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം പ്രകടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക സമ്പദ് വ്യസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ആഗോള സാമ്പത്തിക വളര്‍ച്ച ഇത്തവണ 90 ശതമാനത്തോളം കുറയുമെന്നും അവര്‍ പറഞ്ഞു.

Top