ബംഗലൂരു: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സുരേഷ് റെയ്‌നയും തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയെ ക്രിക്കറ്റ് ലോകം പ്രശംസകൊണ്ട് മൂടുകയായിരുന്നു. േധാണി വിരമിക്കല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
എല്ലാവരും ധോണിയെ പുകഴ്ത്തിയപ്പോള്‍ സുരേഷ് റെയ്‌നയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ധോണിക്കൊപ്പം വിരമിച്ചതിനാല്‍ റെയ്‌നയുടെ വിരമിക്കലിന് തിളക്കം കുറഞ്ഞുപോയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 2004-2005 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ താരമാണ് റെയ്‌ന. അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്‌നയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമായി റെയ്‌ന മാറുമെന്ന് എനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് അതിനുശേഷമുളള ഒന്നരപതിറ്റാണ്ട് തെളിയിച്ചു-ബിസിസിഐ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ദ്രാവിഡ് പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റെയ്‌നയുടെ സംഭാവന അസാമാന്യമായിരുന്നു.
ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് റെയ്‌ന. അതിനെല്ലാം പുറമെ ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം പുറത്തെടുക്കുന്ന ഊര്‍ജ്ജവും ഫീല്‍ഡിംഗ് നിലവാരവും അസാമാന്യമായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനാവുമായിരുന്നു.
ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണ്. ഐപിഎല്ലില്‍ കഴിഞ്ഞ ഒറു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. കരിയറില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ടീം ഇന്ത്യക്കായി എപ്പോഴും കടുപ്പമേറിയ ജോലികള്‍ ചെയ്തത് റെയ്‌നയായിരുന്നു വെന്നും ദ്രാവിഡ് പറഞ്ഞു.