എവരിതിങ് ആപ്പ്; എക്‌സിനെ ഡേറ്റിങ് ആപ്പ് എന്ന നിലയിലേക്ക് മാറ്റാന്‍ പദ്ധതി

സാന്‍ഫ്രാന്‍സിസ്‌കോ: എക്‌സിനെ മാറ്റിയെടുക്കാന്‍ ഇലോണ്‍ മസ്‌കിന്റെ പുതിയ തന്ത്രം. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയില്‍ ഒരു എവരിതിങ് ആപ്പാക്കി എക്‌സിനെ മാറ്റുകയാണ് മസ്‌കിന്റെ ലക്ഷ്യം. പുതിയതായി ആപ്പിനെ ഒരു ഡേറ്റിങ് ആപ്പ് എന്ന നിലയിലേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗഹൃദവും പ്രണയവും ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യമാവും ഈ ആപ്പിലുണ്ടാവുക.

കഴിഞ്ഞ ദിവസം നടന്ന ഇന്റേണല്‍ മീറ്റിങ്ങില്‍ മസ്‌ക് ഇതെക്കുറിച്ച് പങ്കുവെച്ചുവെന്നാണ് ദി വെര്‍ജ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിങ്ക്ഡ് ഇന്‍, യൂട്യൂബ്, ഫേസ് ടൈം, ഡേറ്റിങ് ആപ്പുകള്‍ ഉള്‍പ്പടെയുള്ളവയോട് എങ്ങനെ മത്സരിക്കാമെന്നും മസ്‌ക് യോഗത്തില്‍ വിശദീകരിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദൈര്‍ഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഇതിനകം തന്നെ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. വീഡിയോകോളിങ്, വോയ്സ് കോളിങ്, പേമെന്റ്, ജോബ് സെര്‍ച്ച് എന്നീ ഫീച്ചറുകളും വൈകാതെ എക്‌സിലെത്തും.

ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ലഭ്യമാകുന്ന ഫീച്ചറുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ആവശ്യമില്ലെന്ന് ഓഗസ്റ്റില്‍ ഫീച്ചറിനെ കളിയാക്കി മസ്‌ക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം, ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ പരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു. ‘നോട്ട് എ ബോട്ട്’ എന്ന് വിളിക്കപ്പെടുന്ന പുതിയ സബ്സ്‌ക്രിപ്ഷന്‍, പ്ലാറ്റ്ഫോമിന്റെ വെബ് പതിപ്പിലെ ലൈക്കുകള്‍ക്കും, റീപോസ്റ്റുകള്‍ക്കും മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകള്‍ ഉദ്ധരിക്കാനും ബുക്ക്മാര്‍ക്കിംഗ് പോസ്റ്റുകള്‍ക്കും ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുന്നതാണ്. പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശം ബോട്ടുകളെയും സ്പാമര്‍മാരെയും നേരിടുക എന്നതാണ്.

എക്സ്ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഫീസ് ഓരോ രാജ്യത്തിനും വ്യത്യാസപ്പെടും. ന്യൂസിലാന്‍ഡിലെയും ഫിലിപ്പീന്‍സിലെയും ഉപയോക്താക്കള്‍ക്കാണ് പുതിയ രീതി ആദ്യം ലഭ്യമാകുക. വരിക്കാരാകാന്‍ ആഗ്രഹിക്കാത്ത പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണാനും വായിക്കാനും വീഡിയോകള്‍ കാണാനും അക്കൗണ്ടുകള്‍ പിന്തുടരാനും മാത്രമേ കഴിയൂ.

Top