ഇടുക്കി: മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്ന കെഎസ്ഇബി ചെയര്‍മാന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി എംഎം മണി. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്ന് എം എം മണി വ്യക്തമാക്കി.
കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും എം എം മണി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അശോകന്‍ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്, മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്, അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നുവെന്നും മണി പറഞ്ഞു.