ഗെയിമിനായി എല്ലാം ആസൂത്രണം ചെയ്തു; ഫൈനല്‍ കളിക്കാനാകാത്തത്തിലുള്ള നിരാശ പങ്കുവച്ച് അശ്വിന്‍

വെസ്റ്റിഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ അഞ്ചു വിക്കറ്റുമായി തിളങ്ങിയ അശ്വിന്‍, ഫൈനല്‍ കളിക്കാനാകാത്തത്തിലുള്ള തന്റെ നിരാശ തുറന്നടിച്ചു. ഫൈനല്‍ കളിക്കാനാകാത്തത് വളരെ കഠിനമായിരുന്നെന്ന് താരം പറയുന്നു. ‘ഞാന്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാതെ പുറത്ത് ഇരിക്കുന്നത് ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടാണ്. ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍, ഞാന്‍ കളിക്കാന്‍ ശാരീരികമായും മാനസികമായും തയാറെടുത്തു, ഗെയിമിനായി എല്ലാം ആസൂത്രണം ചെയ്തു. പക്ഷേ, ഗെയിം കളിക്കാതിരിക്കാനും ഞാന്‍ തയാറായിരുന്നു’ -അശ്വിന്‍ പറഞ്ഞു. 33ാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

കളിക്കുന്നില്ലെങ്കില്‍, എങ്ങനെ പ്രതികരിക്കണം, ഡ്രസിങ് റൂമില്‍ എങ്ങനെ സജീവമാകണം എന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചിരുന്നു. ഫൈനല്‍ വിജയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അത് എന്റെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടാകും. എനിക്കതില്‍ വലിയ പങ്കുവഹിക്കാനുണ്ടിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കാര്യങ്ങള്‍ അതുപോലെ നടന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വിക്കറ്റ് വേട്ടയിലൂടെ അശ്വിന്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ അപൂര്‍വ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം നേടിയ വിക്കറ്റുകള്‍ 700 കടന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 953 വിക്കറ്റുകളുമായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും 707 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിങ്ങുമാണ് താരത്തിനു മുന്നിലുള്ളത്. അശ്വിന് 701 വിക്കറ്റുകളും.

Top