തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അപൂർണമാണെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര്‍ സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.
തൃശ്ശൂർ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിനു, മുകുന്ദപുരം സീനിയര്‍ ഓഡിറ്റര്‍ ധനൂപ് എം.എസ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ് പിന്‍വലിച്ചത്. കുറ്റാരോപണങ്ങളില്‍ തെളിവുകള്‍ അപൂർണമായ സാഹചര്യത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവില്‍ പറയുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രകാരം ഏഴ് പേരുടെ കുടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി തൃശ്ശൂർ ജില്ലക്ക് പുറത്ത് നിയമനം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കേരളബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.ഡി. രഘു സര്‍വീസില്‍ നിന്നും വിരമിച്ചുവെങ്കിലും ഇദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.