കൊച്ചി : പതിറ്റാണ്ടുകളായി മലയാളികളുടെ മനസ്സില്‍ പതിഞ്ഞ ബ്രാന്‍ഡ് നെയിമാണ് നിറപറ. ഗുണമേന്മയുടെ മറ്റൊരു പേരായും നിറപറയെ വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിന്റെ മഹാനടന്‍ നിറപറയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാന്‍ തയ്യാറായതിന്റെ പിന്നിലുള്ള കാരണം പോലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നിറപറയോടുള്ള വിശ്വാസമാണ്. എന്നാല്‍, അടുത്തകാലത്തായി നിറപറയുടെ പല ഉല്‍പന്നങ്ങളിലും കീടനാശിനി കണ്ടെത്തിയതായുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം തെറ്റാണെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിവിധ ബ്രാന്‍ഡുകളുടെ 2017-2018 കാലയളവില്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്ത മുളക്‌പൊടികളും മറ്റും പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായി നേരത്തയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രസ്തുത കമ്പനികളില്‍ നിറപറയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. പിന്നീട് പേര് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലിയോനാര്‍ഡ് ജോണ്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച ഈ റിപ്പോര്‍ട്ടില്‍ എറണാകുളം റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച 94 കറിപൗഡര്‍ സാമ്പിളുകളില്‍ ഉപയോഗശൂന്യമായി കണ്ടെത്തിയ 22 സാമ്പിളുകളില്‍ നിറപറയുടെ പേരില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ റിപ്പോര്‍ട്ടിന്റെതെന്ന് തോന്നുന്ന രീതിയിലുള്ള ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സോഷ്യല്‍ മീഡിയ വഴി കള്ളപ്രചരണം നടത്തുകയാണ് എന്നാണ് പുറത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ ബ്രാന്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാജപ്രചരണം നടത്തുന്നു എന്ന് കാണിച്ച് കെ കെ ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം ഡി ബിജു കര്‍ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിവരവകാശ നിയമപ്രകാരം നേടിയ രേഖയില്‍ തങ്ങളുടെ കമ്പനിയുടെ പേരില്ല എന്നാല്‍ പിന്നീടത് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. റിപ്പോര്‍ട്ടിന്റെതെന്നു തോന്നിക്കുന്ന രീതിയില്‍ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി അതില്‍ നിറപറയുടെ പേരും ഉള്‍പ്പെടുത്തി 167 / 18 എന്ന വ്യാജ ബാച്ച് നമ്പര്‍ നല്‍കി ‘മാനുഫാക്ചറിങ്ങ് തീയതി’ എന്ന കോളത്തില്‍ ജൂണ്‍ 2018 എന്നും ചേര്‍ത്തിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ജൂണ്‍ 2018 സാമ്പത്തിക വര്‍ഷം 2018-19 ലാണ് വരിക. എന്ന സാമാന്യ വിവരം പോലും വ്യാജരേഖകള്‍ ഉണ്ടാക്കിയവര്‍ക്കില്ല എന്നും പരാതിയില്‍ പറയുന്നുണ്ട്. നിറപറയെന്ന ബ്രാന്‍ഡിനെ തകര്‍ക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും പരാതിയില്‍ ബിജു കര്‍ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.