ടോക്യോ: അമേരിക്കയുമായുള്ള ഉച്ചകോടിയ്ക്ക് മുന്‍പ് തന്നെ ഉത്തരകൊറിയ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത്. നശിപ്പിച്ചതെന്ന് അവകാശപ്പെട്ട് ആണവ പരീക്ഷണ കേന്ദ്രത്തിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.
ആദ്യഘട്ട നശീകരണ പ്രവര്‍ത്തനങ്ങളെന്നു വിശേഷിപ്പിച്ചാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. വടക്കുകിഴക്കന്‍ മേഖലയിലെ പുംഗ്യേരി ആണവ പരീക്ഷണ കേന്ദ്രം തകര്‍ക്കുന്നതിനു സാക്ഷികളാകാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകരെയും ഉത്തരകൊറിയ ക്ഷണിച്ചിരുന്നു. റഷ്യ, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഉത്തരകൊറിയ രാജ്യത്തു ക്ഷണിച്ചുവരുത്തിയത്. ആണവ പരീക്ഷണശാലയ്ക്ക് അര കിലോമീറ്റര്‍ അകലെനിന്ന് സ്‌ഫോടനം കാണാനുള്ള അവസരവും ഉത്തരകൊറിയ നല്‍കി.