തെളിവ് നശിപ്പിക്കൽ കേസ്; മന്ത്രി ആന്റണി രാജുവിനെതിരായ ഇന്റർപോൾ റിപ്പോർട്ട് പുറത്ത്

താഗത മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തെളിവ് നശിപ്പിക്കൽ കേസിലെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. ഈ റിപ്പോർട്ട് മനോരമ ന്യൂസ് സീനിയർ റിപ്പോർട്ടർ അനിൽ മാനൂരാനാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

 

ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പിടിക്കപ്പെട്ടപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതോടെയാണ് ഹൈക്കോടതി ആൻഡ്രൂവിനെ വെറുതെവിട്ടത്. 1991 ൽ ഇന്ത്യ വിട്ട ആൻഡ്രൂ ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് പറഞ്ഞു. തുടർന്ന് മെൽബൺ പോലീസ് ഇന്റർപോൾ വഴി വിവരങ്ങൾ കേരള പൊലീസിനു കൈമാറുകയായിരുന്നു.

 

1996 ജനുവരിയിലായിരുന്നു സംഭവം നടന്നത്. പക്ഷെ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായും കണ്ടെത്തിയിരുന്നു. തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും പ്രതിയാക്കി അന്ന് കുറ്റപത്രം നൽകുകയും ചെയ്തു.

 

 

Top