മുംബൈ: അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ റിലീസിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സെന്‍സറിംഗ് കുരുക്കില്‍ പെട്ടത്. ചിത്രം ഹെദരാബാദിലെ സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) റിവൈസിംഗ് കമ്മിറ്റി ഇന്ന് പരിശോധിക്കുന്നതായിരിക്കും.
ചിത്രം വിലയിരുത്തിയ തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് കമ്മിറ്റി ചിത്രം കാണുന്നതായിരിക്കും. ഏതൊക്കെ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ്ങ് കമ്മറ്റി തീരുമാനിക്കും.
എന്നാല്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു.
ഒരു മോട്ടിവേഷനല്‍ സ്പീക്കറായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.