ഗുവാഹാത്തി: അസമില്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു.
ബി.ജെ.പി സ്ഥാനാര്‍ഥിയായ കൃഷ്ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മണ്ഡലം ഉള്‍പ്പെടുന്ന കരീംഗഞ്ച് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.