രാഷ്ട്രീയപരമായി ബി.ജെ.പിയോടും സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുമുള്ള എതിര്‍പ്പ് നില നിര്‍ത്തുമ്പോള്‍ തന്നെ യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായി തന്നെ കാണാന്‍ നമുക്ക് കഴിയണം.
2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടു നടന്നുവെന്ന യു.എസ് ഹാക്കര്‍ സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുക എന്ന ഉദ്യേശം മാത്രമല്ല, മറ്റു ചില അജണ്ടകള്‍ കൂടി ഈ വെളിപ്പെടുത്തലിനു പിന്നിലുണ്ട് എന്ന് ന്യായമായും സംശയിക്കേണ്ടതാണ്.
പ്രത്യേകിച്ച് ഈ ഹാക്കര്‍ വെളിപ്പെടുത്തിയ ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ ലണ്ടനിലെ ഹാക്കത്തോണില്‍ കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതും യാദൃശ്ചികമായി തള്ളിക്കളയാന്‍ കഴിയില്ല.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇതു ചെയ്യുന്നവര്‍ക്ക് പോലും അറിയില്ലെന്നും അത്രക്ക് രഹസ്യമായിരുന്നു കാര്യങ്ങളെന്നുമാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍.
ഇത്രയും സ്ഫോടനാത്മകമായ വിവരം പുറത്ത് വിട്ട് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയ ഹാക്കര്‍ എന്തു കൊണ്ട് തെളിവുകള്‍ പുറത്ത് വിടുന്നില്ല ?
2014ല്‍ നടന്നതായി ഹാക്കര്‍ തന്നെ പറയുന്ന അട്ടിമറി കഥ പറയാന്‍ വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പ് സമയം തന്നെ തിരഞ്ഞെടുത്തത് എന്തിനാണ് ? പറയുന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ മുന്‍പ് തന്നെ വെളിപ്പെടുത്താമായിരുന്നില്ലേ ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി അനിവാര്യമാണ്.
പണം കിട്ടിയാല്‍ എവിടെയും നുഴഞ്ഞ് കയറി ഹാക്കിംങ് നടത്തുന്ന ഒരു ഹാക്കര്‍ക്ക് ഡോളറുകളുടെ കനത്തിന് അനുസരിച്ച് തെറ്റായ വെളിപ്പെടുത്തല്‍ നടത്തുവാനും കഴിയും. ഇതിന്റെ ആധികാരികതയില്‍ അന്വേഷണം നടന്ന് യാഥാര്‍ത്ഥ്യം പുറത്ത് വരുമ്പോഴേക്കും ഇന്ത്യയില്‍ തിരഞ്ഞെടുപ്പും കഴിഞ്ഞിട്ടുണ്ടാവും. ഹാക്കര്‍ പറയുന്നത് കള്ളമാണെങ്കില്‍ ആരോപണത്തിന് പിന്നില്‍ വമ്പന്‍ ഓപ്പറേഷന്‍ തന്നെയാണ് നടന്നിട്ടുണ്ടാകുക. അതല്ല യാഥാര്‍ത്ഥ്യമെങ്കില്‍ ലോകത്തിനു മുന്നില്‍ തെളിവുകള്‍ പുറത്ത് വിടണം. എങ്ങനെ ക്രമക്കേട് നടന്നു എന്നത് ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരം അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നതാണ് ഹാക്കറുടെ മറ്റൊരു വാദം.
ഈ വിവരം അറിയുമെന്ന് ഹാക്കര്‍ തന്നെ ആരോപിക്കുന്ന മറ്റു പലര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ ? അതിനെന്താണ് മറുപടി ? സ്വന്തം പാര്‍ട്ടി നേതാവിനെ മാത്രം അവിശ്വസിക്കേണ്ട എന്തു സാഹചര്യമാണ് ബി.ജെ.പി നേതൃത്വത്തിന് ഉണ്ടായിരുന്നത് എന്ന് കൂടി വെളിപ്പെടുത്തണം.
മുണ്ടെയുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്ന പ്രതിപക്ഷം ആദ്യം വ്യാപം കേസുകളിലെ രക്തക്കറ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.
2004 മുതല്‍ നടന്ന മധ്യപ്രദേശിലെ വ്യാപം അഴിമതി കേസ് അന്വേഷിച്ച എത്ര ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി സര്‍ക്കാര്‍ പിടിക്കാത്ത പ്രതികളെ നിങ്ങള്‍ മുന്‍പ് കേന്ദ്രം ഭരിച്ചപ്പോഴും പിടിച്ചിട്ടില്ല. മന്‍മോഹന്‍ സിങ്ങിന്റെ സിബിഐയ്ക്ക് അന്ന് വിചാരിച്ചാല്‍ പ്രതികളെ പിടിക്കാമായിരുന്നു . ഇപ്പോള്‍ സംസ്ഥാന ഭരണം തിരിച്ച് പിടിച്ച സാഹചര്യത്തില്‍ ഇനിയൊട്ട് പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.
വ്യാപം കേസില്‍ മുന്‍മന്ത്രി ലക്ഷ്മികാന്ത് ശര്‍മ്മ ഉള്‍പ്പെടെ 86 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ്. 2000 കോടിയിലേറെ രൂപയുടെ കൈക്കൂലിക്കഥകള്‍ പുറത്തു വരികയും 2000ത്തിലധികം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കേസ് മുന്‍പ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രതികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വ്യാപം കേസുമായി ബന്ധപ്പെട്ട നിരവധിപ്പേരാണ് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞിരുന്നത്. മിക്ക മരണങ്ങളും റോഡപകടങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്താന്‍ സായിപ്പു വിളിച്ചു പറയുന്ന, അതല്ലെങ്കില്‍ പറയിപ്പിക്കുന്ന ആരോപണങ്ങള്‍ ഏറ്റെടുത്ത് രംഗത്ത് വരുന്നവര്‍ തെളിവുകള്‍ പുറത്ത് വരുന്നത് വരെയെങ്കിലും കാത്തിരിക്കാനുള്ള മാന്യത കാണിക്കണം.
2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഗുജറാത്ത് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു എന്നാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍. ഡല്‍ഹി ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ അട്ടിമറി നടക്കാതിരുന്നത് അവിടെ അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണെന്നാണ് വാദം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇല്ലാത്ത എന്ത് സാങ്കേതിക സൗകര്യങ്ങളാണ് അട്ടിമറി നടന്നെന്ന് അവകാശപ്പെടുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളത് ? പച്ചക്കള്ളം പറയുമ്പോഴും അതിനും വേണം ഒരു യുക്തി.
രാജ്യത്ത് ബി.ജെ.പിയുടെ ഏറ്റവും കടുത്ത രണ്ട് ശത്രുക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമാണ്. . ഇവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്.
ഇത്തരമൊരു അട്ടിമറിക്ക് സാധ്യത ഉണ്ടായിരുന്നു എങ്കില്‍ അത് ആദ്യം നടപ്പാകുമായിരുന്നതും ഇവിടങ്ങളിലായിരുന്നു.
കാള പെറ്റു എന്ന് കേട്ട പാടെ കയറെടുക്കാന്‍ ഓടുന്നവര്‍ക്കും വാര്‍ത്തകള്‍ പടച്ച് വിടുന്ന മാധ്യമങ്ങള്‍ക്കും വസ്തു നിഷ്ടമായി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയണം.
ക്രമക്കേടിലൂടെ അധികാരത്തില്‍ വന്ന ഒരു പ്രസിഡന്റ് ഭരിക്കുന്ന രാജ്യത്തെ ഹാക്കര്‍ക്ക് ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ മോശമായി ചിത്രീകരിക്കേണ്ടത് അവന്റെ ‘അജണ്ട’ ആയിരിക്കും. അത് വിദേശിയുടെ താല്‍പ്പര്യമായാലും സ്വദേശിയുടെ താല്‍പ്പര്യമായാലും ആ അജണ്ടയാണ് പുറത്ത് വരേണ്ടത്.
political reporter