ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ തലവന്‍ എസ്.പി.ത്യാഗിക്ക് ജാമ്യം. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍ രാജ്യം വിട്ട് പോകാന്‍ ത്യാഗിക്ക് അനുമതിയില്ല. ഈ മാസം ഒന്‍പതിനാണ് ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗിയും അഭിഭാഷകനായ ഗൗതം ഖൈതാനും അറസ്റ്റിലായിരുന്നു.
ഡിസംബര്‍ 17നു കേസ് വീണ്ടും പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ത്യാഗി ഉള്‍പ്പെടെയുള്ളവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 30 വരെ നീട്ടിയിരുന്നു.
കേസില്‍ കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ത്യാഗിയുടെ അഭിഭാഷകന്‍ വാദിച്ചു. മുന്‍പ് പലതവണ ത്യാഗിയെ ചോദ്യം ചെയ്തതാണെന്നും എന്നാല്‍ പുതിയ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യമനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
രണ്ടു ലക്ഷം രൂപയിന്മേലാണ് ജാമ്യം. വ്യോമസേന മേധാവിയായിരുന്നപ്പോള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.