ന്യൂഡല്‍ഹി: ചൈനീസ് ചാരനെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മുന്‍ സൈനിക ഉദ്യോഗസ്ഥനെ തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാപ്റ്റന്‍ മുകേഷ് ചോപ്രയാണ് (64) മരിച്ചത്. ഇയാള്‍ മതിലില്‍ നിന്ന് ചാടിയാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നത്.
കാനഡയില്‍ താമസമാക്കിയ ചോപ്രയെ നവംബര്‍ രണ്ടിനാണ് ഡല്‍ഹിയിലെ മനേക് ഷാ സെന്ററില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ചോപ്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൈനീസ് ചാരനെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍, യാതോരു സുരക്ഷയുമില്ലാത്ത സെല്ലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ സഹോദരനെ ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും രാജ്യത്തെ സേവിച്ച സഹോദരനെ പൊലീസ് ചാരനാക്കി മുദ്രകുത്തിയെന്നും സഹോദരന്‍ പറഞ്ഞു.അതേസമയം, ചൈനീസ് സര്‍ക്കാറുമായി ചോപ്രക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വാദം.
1983ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ചോപ്ര ചൈനീസ് സര്‍ക്കാറുമായി ബന്ധമുള്ള ആളുകളുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സര്‍വീസ് കാലത്തെ ചൈനീസ് അതിര്‍ത്തിയുമായും ഇന്ത്യന്‍ സൈന്യവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ചോപ്ര ചോര്‍ത്തിയെന്നാണ് പൊലീസ് വാദം.ഡല്‍ഹിയിലെ മനേക് ഷാ സെന്ററില്‍ നിന്നും ചോപ്ര നിര്‍ണായക വിവരങ്ങള്‍ മോഷ്ടിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു.ഗ്രേറ്റര്‍ കൈലാഷിലും ഛത്തര്‍പുരിലും സ്വത്തുക്കളും 65 കോടിയുടെ സ്ഥിരനിക്ഷേപവും ചോപ്രയുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു.