സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നു: നമ്പി നാരായണനെതിരെ മുൻ സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകി എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാര്‍. റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന സിനിമയിൽ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഐഎസ്ആര്‍ഒ മുൻ ശാസ്ത്രജ്ഞര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചു

ക്രയോജനിക് സാങ്കേതിക വിദ്യ വൈകി ഇന്ത്യയുടെ ആകാശ ദൗത്യങ്ങൾക്ക് തിരിച്ചടിയായത് ചാരക്കേസ് അറസ്റ്റോടെയാണെന്ന വാദം തള്ളിയാണ് നമ്പിനാരായണൻ്റെ സമകാലികരായിരുന്ന ശാസ്ത്രജ്ഞര്‍ ഒരുമിച്ചെത്തിയത്. ഐഎസ്ആര്‍ഒ ക്രയോജനിക് എൻജിനുണ്ടാക്കാൻ നടപടി തുടങ്ങുന്നത് എണപതുകളുടെ പകുതിയിലാണ്. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. അക്കാലത്ത് നമ്പി നാരായണന് ഇതുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിമര്‍ശനം

സിനിമയിലും മാധ്യമങ്ങളിൽ വന്ന നമ്പിനാരായണന്റെ ജീവിത രേഖയിലും വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ട്. ഐസ്ആര്ഒക്കും ശാസ്ത്ര ഗവേഷണങ്ങൾക്കായി ജീവിതം സമര്‍പ്പിച്ചവര്‍ക്കും ആകെ അവമതിപ്പുണ്ടാക്കിയതിലെ അതൃപ്തി കൂടി രേഖപ്പെടുത്തുന്നതായിരുന്നു വാര്‍ത്താ സമ്മേളനം . എൽപിഎസ്ഇ ഡയരക്ടറായിരുന്ന ഡോ.മുത്തുനായകം, ക്രെയോ എ‌ഞ്ചിനീറിങ് ഡെപ്യൂട്ടി ഡയരക്ടർ ഡി.ശശികുമാർ ക്രയോ എൻജിൻ പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്നു പ്രൊ. ഇവിഎസ് നമ്പൂതിരി തുടങ്ങി ഒമ്പത് പേര്‍ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു

Top