ഖോരക്പൂര്‍: വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ കൈവശപ്പെടുത്തിയ മുന്‍ പാചകക്കാരന്‍ അറസ്റ്റില്‍. വ്യോമസേന ഓഫീസിലെ മുന്‍ പാചകക്കാരനായിരുന്ന ബീഹാര്‍ സ്വദേശി ശശികാന്ത് ഝാ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ പാചകക്കാരനായിരുന്ന ശശികാന്ത് ഓഫീസിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്.
ജൂലൈ 5 ന് വ്യോമസേന അറസ്റ്റ് ചെയ്ത ശശികാന്തിനെ പിന്നീടാണ് പൊലീസിന് കൈമാറിയത്. വ്യോമസേന യുദ്ധവിമാനങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന സമയവിവരങ്ങള്‍ ഉള്‍പ്പടെയുള്ള രഹസ്യ വിവരങ്ങളാണ് ഇയാള്‍ കൈവശപ്പെടുത്തിയത്. വ്യോമസേന സ്‌റ്റേഷന്‍ മാപ് ഉള്‍പ്പടെ ചില രേഖകളും പൊലീസ് ശശികാന്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
വ്യോമസേന ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായും പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ ഒളിഞ്ഞു നിന്ന് രഹസ്യ വിവരങ്ങള്‍ കുറിച്ചു വയ്ക്കുന്നതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ ഭീകരവാദ വിരുദ്ധസേന പോലുള്ള ഏഝന്‍സിയും അന്വേഷണം നടത്തുന്നുണ്ട്.