കോടതിയലക്ഷ്യ കേസ്: ജയില്‍ മോചിതനായ ജസ്റ്റിസ് കര്‍ണന്‍ നാട്ടിലെത്തി

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്‍ ജയില്‍ മോചിതനായി ചെന്നൈയിലെത്തി. സ്വകാര്യ വിമാനത്തിലായിരുന്നു അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

ജയില്‍ മോചിതനായി മൂന്നാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ചെന്നൈയിലെത്തുന്നത്. തന്റെ ജയില്‍ അനുഭവങ്ങള്‍ എഴുതുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

ആറുമാസം തടവുശിക്ഷയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു കര്‍ണനു മോചനം ലഭിച്ചത്. സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മേയില്‍ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞ് ജൂണ്‍ 20ന് കോയമ്പത്തൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലയച്ചത്.

രാജ്യത്ത് ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെടുന്നത്. അഴിമതി ആരോപിച്ച് 20 സഹ ജഡ്ജിമാരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കു കത്തെഴുതുകയും ചെയ്തതോടെയാണു ജസ്റ്റീസ് കര്‍ണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.

Top