മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി റോയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന്‌…

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ മുന്‍ ഉദ്യോഗസ്ഥന്‍.ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന കാലത്ത് റോയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ആരോപണം.റോയിലെ മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദ് ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതി.

ഹമീദ് അന്‍സാരി ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന കാലത്ത് എന്‍.കെ. സൂദിനെ ഇറാനിലേക്ക് റോ നിയോഗിച്ചിരുന്നു.കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ചിരുന്നു. ഈ വിവരം അന്‍സാരിയില്‍ നിന്ന് ഇറാന്‍ അറിഞ്ഞു എന്നാണ്‌ മുന്‍ ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നത്.

കശ്മീരിലെ യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന് ഇറാന്‍ സഹായം നല്‍കുന്നത് റോ നിരീക്ഷിക്കുന്ന കാര്യം അന്‍സാരി ഇറാനുമായി പങ്കുവെച്ചെതോടെ ഇറാനിലെ റോ സംവിധാനം തകരാറിലായെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് ഇത് മുതലെടുത്തുവെന്നും പരാതിയില്‍ സൂദ് പറയുന്നു. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ അന്‍സാരി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

1990 മുതല്‍ 1992 വരെയാണ് അന്‍സാരി ഇറാനിലെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. 1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.. 2007 മുതല്‍ 2017 വരെയാണ് ഹമീദ് അന്‍സാരി ഇന്ത്യയുടെ 12-ാമത് ഉപരാഷ്ട്രപതി എന്ന പദവി വഹിച്ചത്.

Top