നൈനിറ്റാള്‍: സേനയില്‍നിന്ന് വിരമിച്ച കേണലിന്റെ മാതാവിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹത്തിന്റെ മുന്‍ ശിപായി അടക്കം രണ്ടുപേര്‍ പിടിയിലായി.
ഡിസംബറില്‍ സേനയില്‍ നിന്ന് വിരമിച്ച കേണല്‍ ഡിഎല്‍ ഷായുടെ ഭാര്യയും മാതാവുമാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ഫെബ്രുവരി 22ന് ആയിരുന്നു ഇവരെ വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തിനു ശേഷമാണ് കേണലിന്റെ സഹായിയായിരുന്ന മഹേന്ദ്ര ഗോസ്വാമി, കേണലിന്റെ വീട്ടില്‍ മരപ്പണി ചെയ്തിരുന്ന അക്തര്‍ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കുള്ള മറ്റൊരാള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് നൈനിറ്റാള്‍ പൊലീസ് സൂപ്രണ്ട് ജന്‍മേയ് ഖണ്ടൂരി പറഞ്ഞു.
സംഭവ ദിവസം കേണല്‍ വീട്ടിലുണ്ടായിരുന്നില്ല. മൂന്നു പേരും ചേര്‍ന്ന് രാത്രി 11.30ഓടെ വീടിനുള്ളില്‍ അതിക്രമിച്ച് കയറുകയും കേണലിന്റെ ഭാര്യയെയും മാതാവിനെയും ആക്രമിക്കുകയുമായിരുന്നു. രണ്ടുപേരെയും വധിച്ച ശേഷം 150 ഗ്രാം സ്വര്‍ണവും വെള്ളിയും 25,000 രൂപയും മോഷ്ടിച്ചതായും ഇവര്‍ പുലര്‍ച്ചെ നാല് മണിവരെ ഇവര്‍ വീട്ടില്‍ തങ്ങിയതായും പൊലീസ് പറയുന്നു. മോഷ്ടിക്കപ്പെട്ട പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ മഹേന്ദ്ര ഗോസ്വാമി ഷായുടെ ശിപായിയായി മഹര്‍ റജിമെന്റില്‍ ജോലിചെയ്തിരുന്നു. ഷായുടെ വീടുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്നും പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി.