തിരുവനന്തപുരം: മണല്‍ ഖനന കരാറില്‍ കോടികളുടെ അഴിമതി നടത്തിയ കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. മേനംകുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ മണല്‍ നീക്കം ചെയ്യാന്‍ കരാര്‍ ലഭിച്ച സിഡ്‌കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 11,31,00,000 രൂപയുടെ ക്രമക്കേടിന് നേതൃത്വം നല്‍കിയത് അന്നത്തെ സിഡ്‌കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.
സജി ബഷീറിനെ കൂടാതെ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ ഇരുവര്‍ക്കുമെതിരായ നടപടി വിജിലന്‍സ് വേഗത്തിലാക്കും.
2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കഴക്കൂട്ടം മേനംകുളത്തെ പത്തൊന്‍പത് ഏക്കറോളം വരുന്ന പ്രദേശത്തുനിന്നു വെള്ള മണല്‍ മാറ്റി അവിടെ മുപ്പതു ശതമാനത്തോളം ചെമ്മണ്ണ് കൊണ്ടിട്ട് ടെലികോം സിറ്റി സ്ഥാപിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനു കരാര്‍ നല്‍കിയതിലാണ് അഴിമതി നടന്നത്. ഇതിലൂടെ അഞ്ച് കോടിയിലധികം രൂപയാണു സിഡ്‌കോയ്ക്കു നഷ്ടമായത്.