കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. വീണ വിജയന്റെ എക്സാലോജിക്കിന്റെ പ്രവര്‍ത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വര്‍ഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
”ഇതുമായി ബന്ധപ്പട്ട് കെഎസ്ഐഡിസിക്കെതിരായി അന്വേഷണം വരുന്നത് ഗുരുതരമാണ്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണത്തില്‍ മന്ത്രി പി.രാജീവ് മറുപടി പറയണം. ക്രമക്കേടുകള്‍ക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടത്. കരിമണല്‍ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണം. കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാലാണ് അന്വേഷണത്തിലേക്കു നീങ്ങിയത്. ഈ വിഷയത്തില്‍ സിപിഎം മറുപടി പറയണം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഎം സെക്രട്ടറിയറ്റാണ് പ്രതിരോധം തീര്‍ത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ അമിതാവേശം ഇല്ല. ഈ അന്വേഷണത്തില്‍ കൂടുതല്‍ വിവരം വരുമെന്നാണു പ്രതീക്ഷ. ആത്യന്തികമായി കോടതിയാണു വിശ്വാസം. എനിക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനം ചെയ്യും.”-മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍ വരുന്നത് ഗുരുതരമാണ്. പി.സി.വിഷ്ണുനാഥ് എംഎല്‍എയും പ്രതികരിച്ചു. കെഎസ്‌ഐഡിയും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്ന് അദ്ദേഹവും കുറ്റപ്പെടുത്തി. എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം.
സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് ഉത്തരവിലുള്ളത്. കര്‍ണാടക ഡപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കും.