കോപ്പിയടി ആരോപണം; വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

റായ്പുര്‍ : പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയയായ ആദിവാസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.

പരിശോധനയില്‍ കുട്ടിയില്‍നിന്ന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുശേഷം ഈ മാസം നാലിന് വിദ്യാര്‍ത്ഥിനി വീട്ടിലെ മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിനുശേഷം കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നമെന്നാണു തങ്ങള്‍ കരുതിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം നിഷേധിച്ചു. സ്‌കൂളില്‍ പരിശോധന നടന്നെങ്കിലും വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Top