തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതാന്‍ ശ്രമിച്ചപ്പോഴാണ് കേരള സര്‍വ്വകലാശാലയുടെ മോഡറേഷന്‍ തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതാനെത്തിയവര്‍ ഫീസ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വീകരിച്ചില്ല. ജയിച്ചതിനാല്‍ പരീക്ഷയെഴുതാന്‍ ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്ന വിവരമാണ് കമ്പ്യൂട്ടറില്‍ നിന്ന് കാണാന്‍ സാധിച്ചത്. എന്നാല്‍ ആദ്യഫലം വന്നപ്പോള്‍ തോറ്റെന്ന വിവരമാണ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.പിന്നീട് എങ്ങനെ ജയിച്ചുവെന്ന അന്വേഷണമാണ് തിരിമറിയിലേക്ക് വെളിച്ചം വീശിയത്.
മൂന്നുതവണ പരീക്ഷയെഴുതി തോറ്റ വിദ്യാര്‍ത്ഥിയെ ആദ്യ അവസരത്തില്‍ത്തന്നെ വിജയിച്ചെന്ന വിവരമാണ് കമ്പ്യൂട്ടറില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ രണ്ടും മൂന്നും തവണ ഫീസ് അടച്ച് ഈ വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയിരുന്നു. പക്ഷേ പരാജയമായിരുന്നു ഫലം. നാലാംതവണ ഫീസ് അടയ്ക്കാനെത്തിയപ്പോഴാണ് ആദ്യതവണ വിജയിച്ചതായി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടത്.
രണ്ടും മൂന്നുംതവണ വിദ്യാര്‍ത്ഥി പരീക്ഷയെഴുതുമ്പോള്‍ പഴയ മോഡറേഷന്‍ ഫലം തിരുത്തിയിരുന്നില്ല. തോറ്റതുകൊണ്ടാണ് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം ലഭിച്ചത്. എന്നാല്‍, നാലാംവട്ടം എത്തിയപ്പോള്‍ 2016ലെ ആദ്യഫലം തിരുത്തപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായി മോഡറേഷന്‍ നല്‍കാനാകില്ല. അയാളെ ജയിപ്പിക്കാന്‍ ആവശ്യമുള്ള മാര്‍ക്ക് നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്കുകൂടി അതിന്റെ ആനുകൂല്യം ലഭിക്കും. എട്ടുമാര്‍ക്ക് മോഡറേഷന്‍ നല്‍കുമ്പോള്‍ അത്രയും മാര്‍ക്ക് വേണ്ടവരെല്ലാവരും ജയിക്കും. തട്ടിപ്പില്‍ പങ്കാളികളാകാത്തവരും വിജയിച്ചിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
കംപ്യൂട്ടര്‍ സംവിധാനത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേടുകള്‍ ഉടന്‍ കണ്ടെത്താന്‍ കഴിയും. നെറ്റ്‌വര്‍ക്ക് സംവിധാനത്തിലേക്ക് ഏതൊക്കെ കമ്പ്യൂട്ടറുകളില്‍ നിന്നാണ് പ്രവേശിച്ചിട്ടുള്ളതെന്നും തിരുത്തല്‍ നടത്തിയിട്ടുള്ളതെന്നും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാകും. കൃത്രിമ മോഡറേഷനിലൂടെ ജയിച്ച വിദ്യാര്‍ത്ഥികള്‍ ഉടന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.