വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ എളുപ്പം; ‘എഡ്യൂസാറ്റ്’ ആപ്പ് പുറത്തിറക്കി

ആലപ്പുഴ : വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ ഇനി പരീക്ഷയ്ക്കൊരുങ്ങാം. എളുപ്പത്തില്‍ പാഠങ്ങള്‍ പഠിക്കാനും മനസിലാക്കാനും എഡ്യുസാറ്റ് ലേണിംഗ് ആപ്പ് റെഡിയാണ്. നീറ്റ് പരീക്ഷാ പരിശീലനമാണ് പ്രധാനമെങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ പ്ലസ്ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ ചര്‍ച്ചചെയ്താണ് പഠനം. ചോദ്യപ്പേപ്പറുകള്‍ എല്ലായിടത്തും കിട്ടുമെങ്കിലും ഓരോ ചോദ്യവും പ്രത്യേകം വിശദീകരിക്കുന്നത് കുറവാണ്. 10 വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ ചര്‍ച്ച ചെയ്താല്‍ തന്നെ 90 ശതമാനത്തിലധികം മാര്‍ക്ക് നേടാനാവും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ കൃത്യമായി നടക്കാത്ത അവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ആപ്പ് ഉപയോഗിക്കാം. വീഡിയോ ക്ലാസുകളാണ് നടക്കുക. മുന്‍കൂട്ടി ഷൂട്ട് ചെയ്ത വീഡിയോ ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള സമയങ്ങളില്‍ എത്രതവണ വേണമെങ്കിലും ക്ലാസുകള്‍ കാണാം. ഓരോ ചോദ്യവും ചര്‍ച്ച ചെയ്യുന്നതിനൊപ്പം ആശയം മുഴുവനായും വിശദീകരിച്ചാണ് ക്ലാസുകള്‍. സംശയങ്ങള്‍ പരിഹരിക്കാന്‍ ഡിസ്‌കഷന്‍ സെക്ഷനുണ്ട്. അതല്ലെങ്കില്‍ ആപ്പിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയോ നേരിട്ട് ഫോണിലോ സംശയങ്ങള്‍ തീര്‍ക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയ്ക്കാണ് ക്ലാസുകള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ സ്വദേശികളായ 12 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് എഡ്യൂസാറ്റ് ലേണിംഗ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് ധനമന്ത്രി തോമസ് ഐസക്ക് ടെക്‌ജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി ജോയ് സെബാസ്റ്റ്യന് നല്‍കി പുറത്തിറക്കി. എഡ്യൂസാറ്റ് ആപ്ലിക്കേഷന്‍സ് മേധാവിമാരായ അശ്വിന്‍ എം നായര്‍, അനില്‍ എസ്, നിയാസ് എ, അജിത്ത് വി എസ്, ധനേഷ് കൃഷ്ണ, ഇര്‍ഫാന്‍ ഇബ്രാഹിം സേട്ട് എന്നിവര്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരോ പഠിക്കുന്നവരോ ആയ സുഹൃത്തുക്കളും ഒപ്പം കൂടിയതോടെ ആപ്പ് യാഥാര്‍ത്ഥ്യമായി. ഡിസൈനിങ്, എഡിറ്റിങ് തുടങ്ങി ആപ്പിനാവശ്യമായ സാങ്കേതിക വശങ്ങള്‍ പോലും ചെയ്തത് ഇവര്‍ തന്നെയാണ്. പ്രശസ്ത കോച്ചിങ് കേന്ദ്രങ്ങളിലെ അധ്യാപകരും ഐഐടി വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്ന അധ്യാപകരുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പഠിപ്പിക്കുന്ന ഭാഗങ്ങളുടെ നോട്സും ആപ്പില്‍ ലഭ്യമാണ്.

റിവിഷനടക്കമുള്ള ആവശ്യങ്ങള്‍ക്കായി പ്രധാനപ്പെട്ട ഭാഗങ്ങളുടെ രണ്ടുപേജ് നോട്സാണ് നല്‍കുക. മൂന്നുമാസം കൊണ്ടാണ് ആപ്പ് പൂര്‍ത്തിയായത്. നീറ്റ് പരിശീലനത്തിന് താരതമ്യേന ചെറിയൊരു ഫീസ് ഈടാക്കും. വരുന്ന പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികള്‍ക്ക് ആപ്പ് ഏറെ സഹായകരമാകും. ഇതിന് പുറമെ എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനവും നിയമ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ക്ലാസ്സുകളും ആപ്പിന്റെ ഭാഗമാണ്. ഇര്‍ഫാന്‍ ഇബ്രാഹിം സേട്ടാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ആലപ്പുഴയിലെ ‘പ്രതിഭാതീരം’ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://play.google.com/store/apps/detailsid=com.edusat.courses

 

Top