അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും ടോളിവുഡ് യുവതാരം സായ് ധരം തേജിനെതിരെ കേസെടുത്തു. അപകടമുണ്ടായ മാധാപൂറിലെ ദുര്‍ഗംചെരുവ് കേബിള്‍ പാലത്തിലെ റോഡില്‍ 30-40 കിലോമീറ്റര്‍ വേഗതയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, സായ് 75 കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് ഓടിച്ചതെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി.
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ 184-ാം വകുപ്പ് പ്രകാരവും ഐപിസി 336, 279 സെക്ഷന്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതവേഗതക്ക് പുറമെ, സായ് ധരം തേജ് മറ്റ് വാഹനങ്ങളെ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതായും സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.
എല്‍ബി നഗറിലെ ബുരാ അനില്‍ കുമാര്‍ എന്ന ആളില്‍ നിന്നുമാണ് യുവതാരം ഈ സ്പോര്‍ട്സ് ബൈക്ക് വാങ്ങിയത്. എന്നാല്‍ ഇതുവരെയും സായ് വാഹനം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2020 ഓഗസ്റ്റ് രണ്ടിന് അമിതവേഗതയ്ക്ക് ഇതേ മോട്ടോര്‍ബൈക്കിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 1,135 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഈ ശനിയാഴ്ചയാണ് ഇതിന്റെ ചെല്ലാന്‍ അടച്ചിട്ടുള്ളത്.
കാര്‍ പൊലുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സാണ് സായ് ധരം തേജിന്റെ പക്കലുള്ളതെന്നും സ്പോര്‍ട്സ് ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് താരത്തിനുണ്ടോ എന്നതും പരിശോധിക്കുമെന്നും സൈബരാബാദ് ഡിസിപി എം. വെങ്കട്ടേശ്വരലൂ പറഞ്ഞു.
അതേ സമയം, സായ് ധരം തേജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.