തിരുവനന്തപുരം: സംസ്ഥാനത്തെ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി.
എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 11ന് ദേശീയ-സംസ്ഥാന പാതകളുടെ നഗരപരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
നേരത്തെ, സംസ്ഥാനത്തു കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിനായി കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്തി പുനര്‍ വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതോടെ പുതുതായി 130 മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കണക്കാക്കുന്നത്.
ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണു പാതയുടെ പദവി ഡിനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും അടക്കമുള്ള നഗര പ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവി പുനര്‍വിജ്ഞാപനം ചെയ്യുന്നത് ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കുന്ന ഉത്തരവിന്റെ ലംഘനം ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.