കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് വിഭാഗം നടത്തിയ റെയ്ഡില്‍ 22 പേര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ വിവിധ ക്യാമ്പുകളിലും ഗോഡൗണുകളിലും നിന്ന് ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, ഗുഡ്ക, മയക്കുഗുളിക അടക്കമുള്ള 2000 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉടമയായ മലയാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാമ്പുകള്‍ക്ക് സമീപത്തെ കടകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മൂവാറ്റുപുഴ, കോതമംഗലം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് റെയ്ഡ് നടക്കുന്നത്. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ആലുവ ഗസ്റ്റ്ഹൗസില്‍ ക്യാമ്പ് ചെയ്താണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
രാവിലെ ആറു മണിയോടെ 22 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതായി രഹസ്യ വിവരം ലഭിച്ച സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി.
വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.