തൃശൂര്‍: എക്‌സൈസിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക നിഗമനം. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ കണ്ടെത്തിയ 12 ഓളം ക്ഷതങ്ങളും ആന്തരീകര ക്തസ്രാവവും മരണകാരണമായേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മാര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
വിശദമായ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ പൊലീസിന് കൈമാറും. മരിച്ച രഞ്ജിത്ത് കുമാറിന്റെ തലക്ക് പിറകില്‍ മുറിവുണ്ട്, പുറത്തും തലയിലും മര്‍ദനത്തെ തുടര്‍ന്നുള്ള ക്ഷതങ്ങളുമുണ്ട്. സംഭവത്തെക്കുറിച്ച് തൃശൂര്‍ അഡിഷണല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റിയാണ് വകുപ്പ്തല അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്സൈസ് സംഘം രഞ്ജിത്ത് കുമാര്‍ എന്ന യുവാവിനെ രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരില്‍ പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നു രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.