നടനോട് ആവശ്യപ്പെട്ടത് ഒന്നര കോടി,ഇപ്പോള്‍ നടക്കുന്നത് ബ്ലാക്ക്മെയിലിങ്ങെന്ന് നടന്‍..!

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനെതിരെ നടന്‍ നിയമ നടപടിക്ക്.

ഒന്നര കോടി രൂപ ആവശ്യപ്പെട്ട് പ്രതികളുടെ പേരില്‍ നടന്ന ബ്ലാക്ക് മെയിലിങ് സംബന്ധമായ ഓഡിയോ ടേപ്പ് കോടതി മുന്‍പാകെ ഹാജരാക്കാനാണ് നടന്റെ തീരുമാനം.

ഇപ്പോഴത്തെ അന്വേഷണ സംഘത്തിലെ ചിലര്‍ മന:പൂര്‍വ്വം തന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയവും നടനുണ്ട്. അതിനാല്‍ സംസ്ഥാന പൊലീസിലെ മികച്ച മറ്റേതെങ്കിലും ടീമോ അതല്ലങ്കില്‍ സിബിഐയോ കേസ് അന്വേഷിക്കണമെന്നതാണ് ആവശ്യം.

ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ നടനും താരസംഘടനയായ ‘അമ്മ’യിലെ പ്രമുഖരും തീരുമാനിച്ചിട്ടുണ്ട്.

കേസിലെ പ്രതി പള്‍സര്‍ സുനി നടന്റെ സുഹൃത്തായ സംവിധായകന് എഴുതിയ കത്തും ‘ഇടനിലക്കാര്‍’ വഴി വന്ന ഫോണ്‍ സംഭാഷണവും ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് നടന്റെ ആരോപണം.

പ്രതികള്‍ എന്ത് പറഞ്ഞാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘സെന്‍സേഷനാവും’ എന്നതിനാല്‍ അത് ഉപയോഗപ്പെടുത്തുകയായിരുന്നുവത്രെ.

നടന്റെ സുഹൃത്തിനെയും ഡ്രൈവറെയും ഫോണില്‍ വിളിച്ചവര്‍ നടന്റെ പേരു പറയാന്‍ പ്രമുഖ യുവ നടന്‍, നടി, സൂപ്പര്‍ സ്റ്റാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ നിര്‍മ്മാതാവ് എന്നിവരുടെ പ്രേരണ തങ്ങള്‍ക്കു മേലുണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്നതും കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായേക്കും.

ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത സംഭാഷണമായതിനാല്‍ പ്രതികളുടെ ജയിലിനു പുറത്തുള്ള ‘ഇടനിലക്കാരെ’ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ഈ താരങ്ങളെയും നിര്‍മ്മാതാവിനെയും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വരും.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടനെയും സംവിധായകനെയുമെല്ലാം ചോദ്യം ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യം കൂടി അന്വേഷണ സംഘം പരിശോധിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നടന്റെയും സംവിധായകന്റെയും തീരുമാനം.

വ്യക്തമായ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നുണ്ടെന്ന് നടന്‍ ആക്ഷേപിക്കുമ്പോള്‍ എന്താണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

പ്രതികളുടെ മൊഴി സാധൂകരിക്കുന്ന തെളിവ് കണ്ടെത്തുന്നതിന്റെ ഭാഗമായി ആക്രമിക്കപ്പെട്ട നടിയെ എറണാകുളത്ത് വിളിച്ചു വരുത്തി എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട ദിവസം ഇതൊരു ക്വട്ടേഷനാണെന്ന് പ്രതികള്‍ പറഞ്ഞത് നേരത്തെ തന്നെ നടി മൊഴി നല്‍കിയിരുന്നതാണ്.

ആരോപണ വിധേയനായ നടനുമായി ബന്ധപ്പെട്ട ചില വസ്തു ഇടപാടുകള്‍ സംബന്ധമായാണ് നടിയോട് എഡിജിപിയും സംഘവും ഇപ്പോള്‍ പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

സുഹൃത്തായിരുന്ന സമയത്ത് നടിയുടെ പേരില്‍ നടന്‍ വസ്തു വാങ്ങിയിരുന്നുവെന്നും അത് തിരിച്ച് എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിന് ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നടിയുടെ ദൃശ്യങ്ങള്‍ പ്രതികളെ ഉപയോഗിച്ച് വാഹനത്തില്‍ നിന്നു പകര്‍ത്തിയതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടിയുടെ മൊഴിക്ക് വളരെ പ്രാധാന്യമുണ്ട്.

പ്രതികളുടെ അതിരുവിട്ട പ്രവര്‍ത്തിയും സംഭവ ദിവസം പി.ടി തോമസ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലുകളുമാണ് പൊലീസ് കേസിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണമായി തീര്‍ന്നതെന്നും അതല്ലായിരുന്നുവെങ്കില്‍ അന്നു തന്നെ സംഭവം ‘ഒത്തുതീര്‍പ്പാകുമായിരുന്നുവെന്നും’ അഭ്യൂഹമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top