‘പണം തന്നില്ലങ്കില്‍ എല്ലാം വിളിച്ചു പറയും’ നടന്റെ സുഹൃത്തിന് പള്‍സര്‍ സുനിയുടെ കത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിതിരിവായി പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്ത് !

‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ ഇതായിരുന്നു കത്തിലെ മുന്നറിയിപ്പ്.

കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്ത കത്ത് ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറയാത്ത കാര്യം ഇപ്പോള്‍ പള്‍സര്‍ സുനി പറയാനുണ്ടായ സാഹചര്യമെന്താണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

മുന്‍പ് ചാര്‍ളി എന്ന ഒരു വ്യക്തിയോട് 50,000 രൂപ കടം ചോദിച്ച പള്‍സര്‍ സുനി പ്രമുഖ നടനു വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് പറഞ്ഞിരുന്നു.

ഈ കാര്യം പൊലീസ് ചോദിച്ചപ്പോള്‍ മാധ്യമങ്ങളില്‍ പ്രമുഖ നടന്റെ പേര് വച്ച് വാര്‍ത്തകള്‍ വന്നത് കൊണ്ടാണ് താന്‍ ഇത്തരത്തില്‍ പറഞ്ഞതെന്ന മൊഴിയാണ് പ്രതി നല്‍കിയിരുന്നത്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും വലിച്ചിഴക്കുന്നത് പണം തട്ടാന്‍ ലക്ഷ്യമിട്ടാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടന്റെ പേര് പ്രതി പറഞ്ഞാല്‍ അത് പൊതുസമൂഹത്തിനിടയില്‍ വലിയ തിരിച്ചടിയാകുമെന്നതിനാല്‍ നടന്‍ പണം നല്‍കുമെന്ന് പള്‍സര്‍ സുനി കണക്ക് കൂട്ടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

എന്തായാലും കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് നടത്തുന്നുണ്ട്.

കത്തില്‍ പ്രതി പറയുന്ന കാര്യങ്ങളില്‍ കഴമ്പ് ഉണ്ടോ എന്ന് ആദ്യം കണ്ടെത്തിയതിന് ശേഷം മാത്രമേ തുടര്‍ നടപടി ആലോചിക്കൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ പീഡിപ്പിക്കപ്പെട്ടത്.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പണം തട്ടാന്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തിയാണെന്നായിരുന്നു പള്‍സര്‍ സുനിയും മറ്റ് പ്രതികളും മൊഴി നല്‍കിയിരുന്നത്.

റിപ്പോര്‍ട്ട്: എം വിനോദ്

Top