exclusive-രജനിക്ക് വീണ്ടും ബിഗ് ബിയുടെ മുന്നറിയിപ്പ് ; രാഷ്ട്രീയം അരുത് . . അത് തലവേദനയാകും

മുംബൈ: അടുത്ത സുഹൃത്തിന് വീണ്ടും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ മുന്നറിയിപ്പ്.

രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്ന് ബച്ചന്‍ രജനിയോട് വീണ്ടും ഓര്‍മ്മിപ്പിച്ചതായാണ് സൂചന.

നേരത്തെ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി രജിനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബച്ചന്റെ അഭിപ്രായം തേടിയപ്പോഴും തന്റെ അനുഭവത്തിന്റെ പശ്ചാതലത്തില്‍ രജിനിയോട് രാഷ്ട്രീയത്തിലിറങ്ങരുത് എന്ന അഭ്യര്‍ത്ഥനയാണ് ബച്ചന്‍ നടത്തിയിരുന്നത്.

ഇതിനു ശേഷം രണ്ടടി പിന്നോട്ട് വച്ച രജനി പിന്നീട് തന്റെ ഫാന്‍സ് അസോസിയേഷന്റെ വിശാല യോഗം വിളിച്ചു ചേര്‍ത്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ നല്‍കുകയായിരുന്നു.

‘യുദ്ധസമയമാകുമ്പോള്‍ ഞാന്‍ വിളിക്കും, അപ്പോള്‍ കാണണം’ എന്ന് പറഞ്ഞ രജനി തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ എതിര്‍പ്പു വളമാണെന്നും സമൂഹ മാധ്യമങ്ങളിലും മറ്റുമുള്ള വിമര്‍ശനങ്ങളെ അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ പൂര്‍ണ്ണ വിരാമമിടുമെന്നാണ് അറിയുന്നത്.

എം ജി ആര്‍ മുതല്‍ ജയലളിതവരെയുള്ള താരങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയത്തില്‍ താന്‍ സ്വീകാര്യനാകും എന്നാണ് രജനിയുടെ ആത്മവിശ്വാസം.

ആദ്യ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ ആധിപത്യത്തോടെ മുഖ്യമന്ത്രി പദം. ആരും കൊതിക്കുന്ന ആ സ്ഥാനമാണ് രജനിയുടെ വിരല്‍ തുമ്പത്തുള്ളത്.

തമിഴകത്തെ ഏക സൂപ്പര്‍ സ്റ്റാര്‍ പട്ടം അലങ്കരിക്കുന്ന രജനിക്ക് ഇത് അസാധ്യമായ കാര്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍ കൂട്ടത്തോടെ രജനിക്കൊപ്പം പോകാന്‍ റെഡിയായിരിക്കുകയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കളും അണികളുമെന്നുമാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഈ ‘ആത്മവിശ്വാസം’ തന്നെയാണ് ഉറ്റ സുഹൃത്തായ അമിതാഭ് ബച്ചനെ തള്ളി രാഷ്ട്രീയത്തിലിറങ്ങാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രജനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എ മുന്നണിയുടെ ഭാഗമാകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.

Top