കൊച്ചി: മോഹന്‍ലാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാനെത്തിയത് മോഹന്‍ലാലിന്റെ സന്ദേശം കൈമാറാന്‍.
ദിലീപിന്റെ എല്ലാ നിയമ പോരാട്ടങ്ങള്‍ക്കും ലാലിന്റെ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചതായി ആന്റണി പെരുമ്പാവൂര്‍ കൂടിക്കാഴ്ചയില്‍ ദിലീപിനോട് വ്യക്തമാക്കി.
‘തന്നെ വിചാരണ നടത്തുന്നത് വരെ ജയിലിലിട്ടോട്ടെ , എന്നാലും അന്തിമ വിജയം തന്റേത് തന്നെയായിരിക്കുമെന്നായിരുന്നു’ ദിലീപിന്റെ പ്രതികരണം
നിരപരാധിയെ ഇങ്ങനെ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ കഴിയുക എന്നത് കേരളത്തിലാണല്ലോ നടന്നത് എന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഭയം തോന്നിയെങ്കിലും ഇപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യം കിട്ടിയതായി ദിലീപ് പറഞ്ഞു.
സുഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കണ്ടത്.
ദിലീപിനെ കുറ്റക്കാരനായി കോടതി വിധിക്കും വരെ കുറ്റക്കാരനായി കാണാന്‍ കഴിയില്ലന്നും മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് കുരുക്കിയതാണെങ്കില്‍ എത്ര വലിയ ഉന്നതരാണെങ്കിലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുമുള്ള നിലപാടിലാണ് മോഹന്‍ലാല്‍.
ഇപ്പോള്‍ നടക്കുന്ന ‘ഒടിയന്റെ’ ഷൂട്ടിങ്ങ് ഇടവേളയില്‍ ദിലീപിനെ ലാല്‍ തന്നെ നേരിട്ടെത്തി കാണുമെന്നാണ് ലഭിക്കുന്ന സൂചന.
നടന്‍ ജയറാം, ഹരിശ്രീ അശോകന്‍, കെ.ബി.ഗണേഷ് കുമാര്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയ നിരവധി പേര്‍ ഇതിനകം തന്നെ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു കഴിഞ്ഞു.
നടന്‍ മമ്മുട്ടി, ഇന്നസെന്റ് അടക്കമുള്ള ‘അമ്മ’ ഭാരവാഹികളും ജയില്‍വാസം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ ദിലീപിനെ ഉടന്‍ ജയിലിലെത്തി കാണുമെന്നാണ് അറിയുന്നത്.
അതേസമയം എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ താരങ്ങള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
ഫിലിം ചേംബര്‍ ഉള്‍പ്പെടെ മറ്റ് സിനിമാ സംഘടനകള്‍ നേരത്തെ തന്നെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം മമ്മുട്ടിയുടെയും ഇന്നസെന്റിന്റെയും കെ.ബി ഗണേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ നടി പോലും പരാതി പറയാത്ത ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഭൂരിപക്ഷ താരങ്ങളും സംശയിക്കുന്നത്.
അത് കൊണ്ട് തന്നെ സത്യസന്ധരായ മറ്റൊരു സംഘം അന്വേഷിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ്യം പുറത്തു വരൂ എന്ന നിലപാടിലാണ് താരപ്പട.
വലിയ ഒരു നിയമ പോരാട്ടത്തിനാണ് ഇതിനായി സിനിമാ സംഘടനകളും താരങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നത്.
പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോടതിയുടെ പ്രത്യേക അനുമതിയോടുകൂടി നാളെ ദിലീപ് വീട്ടിലെത്തുന്നുണ്ട്.
റിപ്പോര്‍ട്ട് : പി അബ്ദുള്‍ ലത്തീഫ്