തിരുവനന്തപുരം: ഒരിക്കലും ജനവിധി തേടി എം.എല്‍.എമാരെ സൃഷ്ടിക്കാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെ ചാക്കുമായി ത്രിപുരയില്‍ ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ.
മോദിയെ വീര പുരുഷനാക്കുന്ന ബി.ജെ.പിക്കാര്‍, കമ്യൂണിസ്റ്റുകാരനായ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ ജീവിതം പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നോട്ട് കെട്ട് കണ്ടാല്‍ ചാക്കിനുള്ളിലേക്ക് ചാടി കയറുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ നാടിന് അപമാനമാണ്.
ചാക്കില്‍ കയറിയ എം.എല്‍ എ മാരെ രാജി വയ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറുണ്ടോ എന്നും ഷംസീര്‍ വെല്ലുവിളിച്ചു.
സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച ബി.ജെ.പി ‘ഭാരതീയ ജനതാ ജോക്കര്‍ പാര്‍ട്ടി’യാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ മൊത്തത്തില്‍ വിലക്കെടുക്കാന്‍ ഇവിടെയും ബിജെപി ചാക്കുമായി ഇറങ്ങാന്‍ സാധ്യതയുണ്ട്.
ഗുജറാത്തിലെ സ്വന്തം എം.എല്‍.എമാരെ കര്‍ണ്ണാടകയില്‍ കൊണ്ടുപോയി ഒളിപ്പിക്കേണ്ട ഗതികേടുണ്ടായ കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് എങ്ങനെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ഷംസീര്‍ ചോദിച്ചു.
പിണറായി സര്‍ക്കാറിനെ കേന്ദ്ര ഭരണം ഉപയോഗിച്ച് അട്ടിമറിക്കാമെന്നത് ആര്‍.എസ്.എസിന്റെ അതിമോഹമാണ്.
ഇടതുപക്ഷ മത നിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഉഴുത് മറിച്ച് പാകപ്പെടുത്തിയ ഈ മണ്ണില്‍ വിഷവിത്ത് പാകാന്‍ പ്രതികരണ ശേഷിയുള്ള യുവജനത അനുവദിക്കില്ല.
കേരളത്തിന്റെ ചരിത്രം അറിയുന്ന ഒരു കേന്ദ്ര ഭരണകൂടവും അവിവേകം കാണിക്കാന്‍ തുനിയില്ലെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.അബ്ദുൾ ലത്തിഫ്