തെറ്റ് ചെയ്തിട്ടില്ല . . തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കാനാവുമോ ? കാവ്യയുടെ കുടുംബം

കൊച്ചി: തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കാനാവുമോ ? ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല . . കാവ്യയുടെ കുടുംബത്തിന്റെ പ്രതികരണമാണിത്.

കുടുംബ സുഹൃത്തിനോടാണ് അങ്ങേയറ്റം വിഷമത്തോടെ കാവ്യയും മാതാപിതാക്കളും ഇങ്ങനെ പ്രതികരിച്ചത്.

പള്‍സര്‍ സുനിയുമായി ഒരു ബന്ധവും ഇല്ല എന്ന കാര്യത്തില്‍ കുടുംബം ശക്തമായി ഉറച്ച് നില്‍ക്കുകയാണ്.

പൊലീസ് ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂരിലെ ഒരു വിവാഹത്തിന് പള്‍സര്‍ സുനി ഡ്രൈവറായി വന്നിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നല്‍കിയ മറുപടി.

ഓര്‍മ്മയില്‍ പോലും ഇങ്ങനെ ഒരാളില്ലന്ന് കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നു.

അതേസമയം സ്ഥിര ഡ്രൈവര്‍ അവധിയില്‍ പോകുമ്പോള്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കി കൊടുക്കുമ്പോള്‍ അവരുടെ ‘ജാതകം’ വാങ്ങി വയ്ക്കുന്ന ഏര്‍പ്പാട് ഇല്ലല്ലോയെന്ന് കുടുംബ സുഹൃത്തും ചോദിക്കുന്നു.

ഇങ്ങനെ ദിവസത്തിന് മാത്രമായി പല ഘട്ടങ്ങളിലായി ഒരു പക്ഷേ 25 ഓളം ഡ്രൈവര്‍മാര്‍ ദിവസക്കൂലിക്ക് വാഹനം ഓടിക്കാന്‍ വന്നിട്ടുണ്ടായിരിക്കാം.

എങ്കില്‍ പോലും ഓര്‍മ്മയില്‍ പോലും പള്‍സര്‍ സുനി വാഹനം ഓടിക്കാന്‍ വന്നതായി അറിയില്ലന്നതാണ് കാവ്യയുടെ കുടുംബത്തിന്റെ നിലപാട്.

ഇപ്പോഴത്തെ ഡ്രൈവര്‍ രണ്ട് വര്‍ഷത്തോളമായി. ഇയാളുടെ കാലത്ത് എന്തായാലും ഇങ്ങനെ ഒരാള്‍ വന്നിട്ടില്ലത്രെ.

വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ സുനി വന്നിരുന്നു എന്ന ആരോപണവും കാവ്യയുടെ കുടുംബം നിഷേധിച്ചു. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ കൊടുക്കുകയാണ് ചെയ്തത്. ഒന്നും മറച്ച് വയ്ക്കാനില്ലാത്തതുകൊണ്ടാണതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാരംഗത്തായാലും ഏത് മേഖലയിലായാലും ഡ്രൈവര്‍മാര്‍ അവധിയിലാവുമ്പോള്‍ അതേ ഡ്രൈവര്‍ തന്നെ മറ്റ് ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കുന്നത് പതിവുള്ള കാര്യമാണെന്ന് സിനിമാരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം അറിയുന്ന പള്‍സര്‍ സുനി പൊലീസിനെ തെറ്റിധരിപ്പിച്ച് ബ്ലാക്ക് മെയിലിങ്ങിന് വേണ്ടിയാണ് കാവ്യയെ കൂടി കേസിലേക്ക് വലിച്ചിഴക്കുന്നതെന്നാണ് ആരോപണം.

ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തന്നെ കടുത്ത പ്രതിഷേധമുള്ള വിവിധ സിനിമാസംഘടനകളും താരങ്ങളും കാവ്യയെ ക്രിമിനലിന്റെ വാക്ക് കേട്ട് കുരുക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്ന നിലപാടിലാണെന്നാണ് അറിയുന്നത്.

പുതിയ സാഹചര്യം അമ്മ സെക്രട്ടറി മമ്മുട്ടി, പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ എന്നിവരുമായി സിനിമാരംഗത്തെ വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ലാല്‍ വാരണാസിയില്‍ ‘ഒടിയന്റെ’ ഷൂട്ടിങ്ങിലായതിനാല്‍ ഫോണിലൂടെയായിരുന്നു ആശയ വിനിമയം.

താരസംഘടനയുടെ യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ‘അമ്മ’ ഭാരവാഹികള്‍ക്ക് കത്ത് നല്‍കാനും ഒരു വിഭാഗം താരങ്ങള്‍ക്കിടയില്‍ നീക്കം നടക്കുന്നുണ്ട്.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ നാളെ നിരപരാധിയായി ദിലീപ് പുറത്ത് വരുമ്പോള്‍ പശ്ചാതപിച്ചിട്ട് കാര്യമില്ലന്നാണ് താരങ്ങള്‍ക്കിടയിലെ നിലപാട്.

ദിലീപ് വിഷയത്തില്‍ ശക്തമായ നിലപാട് സിനിമാ സംഘടനകള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് കാവ്യയെയും കുരുക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അന്വേഷണ സംഘത്തെ മാറ്റണമെന്ന് സിനിമാ രംഗത്തെ വിവിധ സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

സി.ബി.ഐ കേസ് അന്വേഷിച്ചാലും കുഴപ്പമില്ല, കേസില്‍ യഥാര്‍ത്ഥ പ്രതികളല്ലാതെ ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇവര്‍ക്കിടയിലെ പൊതു അഭിപ്രായം

റിപ്പോര്‍ട്ട് : എം വിനോദ്

Top