നാദിർഷായെ അറസ്റ്റ് ചെയ്യില്ല, ദിലീപിനെയും ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചു വരുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇനി ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുകയുള്ളൂവെന്ന് സൂചന.

കാവ്യാ മാധവന്റെ കുടുംബവുമായി ബന്ധപ്പെട്ട് പരക്കുന്ന പല കഥകള്‍ക്കും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന തരത്തില്‍ പ്രചരിക്കന്ന പല കഥകളും ‘ഭാവനാ ‘ സൃഷ്ടി മാത്രമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം.

മാധ്യമ വാര്‍ത്ത മുന്‍നിര്‍ത്തി ആരെയും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉദ്യേശിക്കുന്നില്ലന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പള്‍സര്‍ സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആരുടെയെങ്കിലും മൊഴി രേഖപ്പെടുത്തുകയോ വിശദീകരണം തേടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യലായും അറസ്റ്റായും ചിത്രീകരിക്കാന്‍ നീക്കം നടക്കുന്നത് ശരിയല്ലന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നതോടൊപ്പം തന്നെ ഒരു നിരപരാധിയെ പോലും കുറ്റവാളിയാക്കില്ലന്ന കര്‍ശന നിലപാടും അന്വേഷണ സംഘത്തിനുണ്ട്.

ഐ.ജി ദിനേന്ദ്രകാശ്യപ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം എ.ഡി.ജി.പി സന്ധ്യയുടെ അന്വേഷണ രീതിയോട് ശക്തമായി എതിര്‍പ്പുള്ള സെന്‍കുമാര്‍ ഡി.ജി.പി പദവിയില്‍ നിന്നും വിരമിക്കും മുന്‍പ് ഇറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലന്ന നിലപാടില്‍ തന്നെയാണ്‌ പുതിയ ഡി.ജി.പി ലോക് നാഥ് ബഹ്‌റയും.

അന്വേഷണ സംഘതലവനായ ഐ.ജി അറിയാതെ എ.ഡി.ജിപി സ്വന്തം നിലക്ക് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ കടുത്ത ഭിന്നതയുണ്ടായിരുന്നു.

ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും തുടര്‍ച്ചയായി ’13 മണിക്കൂര്‍ ചോദ്യം ചെയ്യേണ്ട ഒരു സാഹചര്യവും തെളിവും പൊലീസിന് അന്നും ലഭിച്ചിരുന്നില്ല, ഇപ്പോഴും ലഭിച്ചിട്ടില്ല’ എന്നാണ് ലഭിക്കുന്ന വിവരം.

ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ് ആയിരിക്കും ഇപ്പോഴത്തെ അന്വേഷണത്തിനൊടുവില്‍ സംഭവിക്കുകയെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചന.

Top