കോർട്ടലക്ഷ്യം ; ടി.പി സെൻകുമാർ ബുധനാഴ്ച സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും !

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയായി ചൊവ്വാഴ്ച സെന്‍കുമാറിനെ നിയമിച്ചില്ലങ്കില്‍ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാന്‍ തീരുമാനം.

മെയ് ഒന്നിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായത് കൂടി പരിഗണിച്ച് ചൊവ്വാഴ്ച വരെ കാത്ത് നില്‍ക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.

ഇതിനിടെ സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

സുപ്രീം കോടതിയില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്‍ അവസാന നിമിഷം പിന്‍മാറിയത് സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ചില സിപിഎം നേതാക്കളാണ് സമവായത്തിന് ശ്രമിക്കുന്നത്.

ഈ സമവായ ശ്രമത്തിന് മുഖ്യമന്ത്രി അനുകൂലമായ നിലപാടെടുത്താല്‍ ഉടന്‍ തന്നെ സെന്‍കുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങും. അതല്ലങ്കില്‍ കോടതിക്ക് മുന്‍പാകെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ പ്രശ്‌നം ഉന്നയിക്കും.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം.

ജൂണ്‍ 30ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മധ്യവേനലവധിക്ക് സുപ്രീം കോടതി അടച്ചു കഴിഞ്ഞാല്‍ വെട്ടിലാകുമെന്ന് കണ്ടാണ് ശനിയാഴ്ച തന്നെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഹര്‍ജി ഇതുവരെ കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ലിസ്റ്റ് ചെയ്ത് ചൊവ്വാഴ്ച കോടതി മുന്‍പാകെ വരുകയാണെങ്കില്‍ വിഷയം ചൊവ്വാഴ്ച തന്നെ ഉന്നയിക്കും. അതല്ലങ്കില്‍ ബുധനാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞയാഴ്ചയാണ് സെന്‍കുമാറിനെ പുനര്‍ നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്നാല്‍ ഉടനെ തന്നെ നടപ്പാക്കേണ്ടതില്ലന്നും നിയമോപദേശം പൂര്‍ത്തിയാക്കിയ ശേഷം സ്വീകരിച്ചാല്‍ മതിയെന്നുമുള്ള നിലപാടായിരുന്നു സര്‍ക്കാറിന്റേത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു.

സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കോര്‍ട്ടലക്ഷ്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍:-

1. തന്നെ സംസ്ഥാന പൊലീസ് മേധാവിയായി തിരികെ നിയമിക്കാന്‍ കഴിഞ്ഞ 24നു നല്‍കിയ ഉത്തരവ് അന്നേദിവസം രാവിലെ 11.30നു സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടും നിയമന ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല.

2. താന്‍ ജൂണ്‍ 30നു വിരമിക്കുമെന്നതുകൂടി കണക്കിലെടുത്താണു സുപ്രീം കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കിയത്. കേസില്‍ വിജയിച്ചാല്‍ പ്രശ്‌നപരിഹാരം നേടാത്ത സ്ഥിതിയുണ്ടാവരുതെന്നു വാദത്തിനിടെ കോടതി വ്യക്തമാക്കിയതുമാണ്.

3. താന്‍ 2015 മേയ് 22ന് ആണു പൊലീസ് മേധാവിയായി രണ്ടു വര്‍ഷത്തേക്കു നിയമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ നിയമവിരുദ്ധമായി പദവിയില്‍നിന്നു നീക്കി. പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച തത്വങ്ങളനുസരിച്ചാണെങ്കില്‍, വിരമിച്ചശേഷവും നഷ്ടപ്പെട്ട കാലാവധിക്ക് അര്‍ഹതയുണ്ട്.

4. കോടതിയുടെ ഉത്തരവു നടപ്പാക്കാതെ കാണിക്കുന്ന ബോധപൂര്‍വമായ നടപടിയുടെ പേരില്‍ നീതിയെക്കരുതി കര്‍ശന നടപടിയെടുക്കണം.

Top