കൊച്ചി: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ ഫോണ്‍ സംഭാഷണം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍.
ചെയ്യാത്ത തെറ്റിനാണ് താനും ചന്ദ്രശേഖരനും അഞ്ചു വര്‍ഷമായി പീഢിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ പുനഃരന്വേഷണം അനിവാര്യമാണെന്നും കാരായി രാജന്‍ പറഞ്ഞു.
Express Kerala-യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരല്ലങ്കില്‍ സുബീഷടക്കം നാല് പേരെയും പീഢിപ്പിക്കരുത്. പുനഃരന്വേഷണം നടത്തണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന് നല്‍കുന്ന മൊഴികളും പൊലീസ് കണ്ടെത്തുന്ന തെളിവുകളും കോടതിയിലും പുറത്തും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ നിഷേധിക്കുക സ്വാഭാവികമാണ്. അതിനാല്‍ തന്നെയാണ് ഫോറന്‍സിക് പരിശോധന ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്.
ഇവിടെ ആരും ആരെയും ഭയക്കേണ്ടതില്ല. കേസന്വേഷിച്ച സിബിഐ, കോടതിയുടെ മേല്‍നോട്ടത്തില്‍ പുനഃരന്വേഷണം നടത്തുകയാണ് വേണ്ടത്.
സുബീഷ് മാത്രമല്ല, കൂടെയുള്ള മറ്റുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരും അവരുടെ ബന്ധുക്കളും സംസാരിച്ച കാര്യങ്ങളും പുറത്ത് വരണം. സമഗ്രമായ പുനഃരന്വേഷണമാണ് ഇതിനാവശ്യം.
മുന്‍പ് ഐ.ജി ലക്ഷ്മണ അകത്തായത് വര്‍ഗ്ഗീസ് കേസില്‍ രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു.
കോഴിക്കോട്ട് 2012-2013 കാലഘട്ടത്തില്‍ സരോജനി എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ അന്യസംസ്ഥാന തൊഴിലാളിയെ രണ്ടു വര്‍ഷം ജയിലിലടച്ചതിന് ശേഷം മോചിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഇത് മറ്റൊരു കേസില്‍ പിടികൂടിയ പ്രതി കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ നടന്ന പുനഃരന്വേഷണത്തെ തുടര്‍ന്നായിരുന്നുവെന്നും കാരായി രാജന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പല കേസുകളിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഫസല്‍ കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫസല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ടിരുന്ന കാരായി രാജനും, ചന്ദ്രശേഖരനും പുറത്തിറങ്ങിയ ശേഷം ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാതെ കൊച്ചിയിലാണ് താമസം.
ഇതില്‍ കാരായി രാജന് ‘ചിന്ത’ പബ്ലിക്കേഷനില്‍ പാര്‍ട്ടി ചുമതല നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോകാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
താന്‍ ഉള്‍പ്പെടെയുള്ള നാല് പേരാണ് എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ കൊലക്കു പിന്നിലെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബീഷിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രദേശത്ത് എന്‍ഡിഎഫുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലക്കു ശേഷം നാലുപേരും ഒളിവില്‍ പോയി. കുറ്റം സിപിഎമ്മിന്റെ തലയിലായപ്പോള്‍ ആശ്വാസമായെന്നും നാട്ടിലേക്ക് തിരിച്ചുവന്നുവെന്നുമാണ് സംഭാഷണത്തില്‍ സുബീഷ് പറയുന്നത്.
ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് പൊലീസിനു നല്‍കിയ മൊഴിയുടെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷിനോജ്, പ്രമീഷ് ,പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതായാണ് വെളിപ്പെടുത്തല്‍.
പത്രവിതരണക്കാരനായ ഫസല്‍ 2006 ഒക്ടോബര്‍ 22ന് തലശേരി സെയ്ദാര്‍ പള്ളിക്കു സമീപമാണ് കൊല്ലപ്പെട്ടത്. സിപിഐ എം അംഗമായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വിരോധംമൂലം സിപിഐ എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍, തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കണ്ടെത്തല്‍ ശരിയല്ലെന്ന് ഫസലിന്റെ കുടുംബാംഗങ്ങള്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നുവെങ്കിലും വിശ്വാസത്തിലെടുത്തിരുന്നില്ല.