ബാംഗ്ലൂര്‍: ഐ.എസ് ഭീകരര്‍ താവളമുറപ്പിച്ച യെമനിലേക്ക് സേവനത്തിനായി പോകേണ്ട ദൈത്യം ലഭിച്ചാല്‍ ഇനിയും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഫാ. ടോം ഉഴുന്നാലില്‍.
ഭീകരരുടെ 557 ദിവസം നീണ്ട തടവുജീവിതത്തില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ Express Keralaയോട് മനസ് തുറന്നു.
സലേഷ്യന്‍ സഭാ ആസ്ഥാനമായ ബാംഗ്ലൂര്‍ ഡോണ്‍ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വെച്ചാണ് എക്‌സ്പ്രസ് കേരള എഡിറ്റര്‍ വിനോദുമായി ഫാ. ടോം ഉഴുന്നാലില്‍ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചത്.
ചോദ്യ: ഐ.എസ് ഭീകരരുടെ തടവറയില്‍ ഏകാന്തതയുടെ 557 ദിവസം എങ്ങിനെയാണ് നേരിട്ടത് ?
ഫാ.ടോം- മരണത്തെ മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്നാണ് ഞാന്‍ ബന്ദിയാക്കി തടവറയിലേക്ക് തള്ളപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ഏദനിലെ വൃദ്ധ സദനം ആക്രമിച്ച് എന്നെ തടവിലാാക്കിയത്. ഗേറ്റ് കീപ്പറെ വെടിവെച്ചു കൊന്ന സംഘം നാലു കന്യാസ്ത്രികള്‍ ഉള്‍പ്പെടെ 16 പേരെയാണ് കൊലപ്പെടുത്തിയത്.
കണ്‍മുന്നില്‍ കന്യാസ്ത്രികളടക്കം പലരും വെടിയേറ്റു വീഴുമ്പോള്‍ ഞാന്‍ നിസഹായകനായിരുന്നു. മരണം മുന്നിലുണ്ടായിട്ടും തരിമ്പുപോലും ഭയം തോന്നിയില്ല. കര്‍ത്താവ് കാവലുണ്ടെന്ന കരുത്തായിരുന്നു മനസില്‍.
എന്നെ കസേരയില്‍ കെട്ടിയിട്ട തീവ്രവാദികള്‍ നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്നാണ് ചോദിട്ടത്. ഐയാം ഫ്രം ഇന്ത്യ എന്നു പറഞ്ഞതോടെ കണ്ണുകെട്ടി അവര്‍ കാറിന്റെ ഡിക്കിയിലേക്കു തള്ളി. തീവ്രവാദികള്‍ അറബിയിലാണ് സംസാരിച്ചത്. എനിക്കാവട്ടെ അറബി ഒട്ടും അറിയില്ലതാനും. ഒടുവില്‍ അവര്‍ മുറി ഇംഗ്ലീഷില്‍ എന്നോട് സംസാരിച്ചു.
ഒന്നര വര്‍ഷത്തെ തടവു ജീവിതത്തില്‍ മൂന്നു തവണ കണ്ണുകെട്ടി താവളം മാറ്റി. ഒരിക്കലും എന്നോട് മോശമായി പെരുമാറിയിരുന്നില്ല. പ്രമേഹരോഗം മാത്രമായിരുന്നു അലട്ടിയത്. ആദ്യം ഇന്‍സുലിന്‍ ലഭിച്ചെങ്കിലും പിന്നെ കിട്ടാതെയായി. ഇതോടെ മരുന്നിലേക്കു മാറി. വലിയ മുറിയില്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. പ്രാര്‍ത്ഥിക്കാനും വിശ്രമിക്കാനും ഏറെ സമയം ലഭിച്ചു. തടവറയില്‍ അവരില്ലാതിരുന്നപ്പോള്‍ കുര്‍ബാന അര്‍പ്പിച്ചു. പ്രാര്‍ത്ഥനകള്‍ എല്ലാം മനപാഠമായിരുന്നു. തിരുവോസ്തിയും വീഞ്ഞും ഉണ്ടായിരുന്നില്ലെന്നു മാത്രം.
ഇലക്ട്രോണിക് ടെക്‌നീഷ്യനായിരുന്ന ഞാന്‍ കുട്ടികളെ ആ വിഷയമാണ് പഠിപ്പിച്ചിരുന്നത്. സര്‍ക്യൂട്ടുകളെക്കുറിച്ചെല്ലാം ചിന്തിക്കും. ഓര്‍മ്മ ശക്തിക്ക് തകരാറില്ലെന്നു സ്വയം ബോധ്യപ്പെടുത്താനായി രസകരമായ പല കണക്കുകൂട്ടലുകളും നടത്തും. ഞാന്‍ എത്ര സെക്കന്റ് ജീവിച്ചു എന്നിങ്ങനെയും മറ്റും. ആത്മാവില്‍ കരുത്ത് പകരണമെന്ന എന്റെ പ്രാര്‍ത്ഥന തമ്പുരാന്‍ കേട്ടു.
ചോദ്യം: ഐ.എസ് ഭീകരര്‍ താവളമുറപ്പിച്ച യെമനിലേക്കോ ഇറാഖിലേക്കോ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചാല്‍ എന്തായിരിക്കും പ്രതികരണം ?
ഫാ. ടോം- സന്തോഷത്തോടെ സ്വീകരിക്കും. യെമനിലോ, ഇറാഖിലോ മാത്രമല്ല സഭ ചുമതലയേല്‍പ്പിക്കുകയാണെങ്കില്‍ ലോകത്തിന്റെ ഏതുഭാഗത്തുപോയും സന്തോഷത്തോടെ ജോലി ചെയ്യും. അത് ദൈവനിയോഗമായാണ് കാണുന്നത്. ഏഴര വര്‍ഷക്കാലം ഞാന്‍ യെമനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ലാണ് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ തെക്കന്‍ യെമനിലെ ഏദനില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ചുമതലയേറ്റെടുത്തത്.
യെമനില്‍ ഐ.എസ് ഭീഷണി ശക്തമായ സാഹചര്യത്തിലും ഭയമില്ലാതെയാണ് അവിടെ ജോലി ചെയ്തത്. ദൈവനിയോഗമായാണ് സേവന പ്രവര്‍ത്തനത്തെ കാണുന്നത്. കര്‍ത്താവിന് പുതിയ നിയോഗം ഏല്‍പ്പിക്കാനുണ്ടെങ്കില്‍ കാത്തുസംരക്ഷിക്കുകതന്നെ ചെയ്യും.
ചോദ്യം: മോചിതനായി എത്തുമ്പോള്‍ നല്‍കാനുള്ള സന്ദേശം?
ഫാ. ടോം.- എന്റെ മോചനത്തിനായി പലരും പരിശ്രമിച്ചു. ഹിന്ദുക്കളും മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും അടക്കം ജാതിയും മതവും നോക്കാതെയാണ് എല്ലാവരും രംഗത്തിറങ്ങിയത്. ഒരുമയുടെയും കൂട്ടായ്മയുടെയും പാര്‍ത്ഥനകളാണ് നടന്നത്. ഭിന്നിച്ചു നിന്നുള്ള അക്രമങ്ങളല്ല. ഒന്നിപ്പിക്കുന്ന സ്‌നേഹമാണ് വളരേണ്ടത്. ലോകത്ത് ശാന്തിയും സമാധാനവും നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നത്. അതിനായി എല്ലാ ഭിന്നതകളും മറന്ന് ജനങ്ങള്‍ പരസ്പരം സ്‌നേഹത്തോടെ പ്രവര്‍ത്തിക്കണം.
ചോദ്യം : ഒരു കോടി ഡോളര്‍ നല്‍കിയാണ് ഒമാന്‍ സുല്‍ത്താന്‍വഴി മാര്‍പാപ്പ ഇടപെട്ട് മോചിപ്പിച്ചതെന്ന് വാര്‍ത്തവരുന്നുണ്ടല്ലോ ?
ഫാ. ടോം- അതേക്കുറിച്ചൊന്നും എനിക്കറിയില്ല. ഉന്നതതലങ്ങളിലൊന്നും ബന്ധമില്ലാത്ത സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദികനാണ് ഞാന്‍. കോടിക്കണക്കിന് ഡോളര്‍ നല്‍കി ആരും എന്ന മോചിപ്പിക്കാനിടയില്ലെന്നാണ് തടവിലാക്കിയവരോട് ഞാന്‍ പറഞ്ഞത്.
ചോദ്യം : മോചനത്തിന്റെ സന്തോഷത്തിനിടയില്‍ ഭാവി പ്രവര്‍ത്തനം എങ്ങിനെയായിരിക്കും?
ഫാ. ടോം- കോട്ടയം പാലാ രാമപുരത്ത് ജനിച്ച സലേഷ്യന്‍ സഭാംഗമായ ഞാന്‍ 1990ലാണ് വൈദിക വൃത്തിയിലേക്ക് കടക്കുന്നത്. വടുതല ഡോണ്‍ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്മിനിസ്‌ട്രേറ്ററായാണ് സേവനം ആരംഭിക്കുന്നത്. പിന്നീട് വൈസ് പ്രിന്‍സിപ്പലായി എട്ടുവര്‍ഷത്തോളം അവിടെയുണ്ടായിരുന്നു.
ആറു വര്‍ഷം കര്‍ണാടകയിലെ ഹാസനിലും മൂന്നു വര്‍ഷം ഭദ്രാവതിയിലും ഡോണ്‍ബോസ്‌കോ ടെക്‌നിക്കല്‍ സ്‌കൂളുകളുടെ വിവിധ ചുമതലകള്‍ വഹിച്ചു. കര്‍ണാടകയിലെ സഭയുടെ സ്ഥാപനമായ കോളാര്‍ ഡോണ്‍ബോസ്‌കോയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് യെമനിലേക്കു പോയത്. ലോകത്ത് വേദനിക്കുന്നവര്‍ക്ക് സ്‌നേഹവും സാന്ത്വനവും പകരാന്‍ കര്‍ത്താവ് തിരികെ നല്‍കിയ ഈ ജന്‍മം ഞാന്‍ ഉഴിഞ്ഞുവെക്കും.
മോചിതനായ ഫാ ടോം ഉഴുന്നാലില്‍ റോമില്‍ മാര്‍പാപ്പയെ കണ്ട് അനുഗ്രഹം തേടി അവിടെ വിശ്രമിച്ചാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും സഭാതലവന്‍മാരെയും കണ്ടശേഷം 29ന് രാവിലെയാണ് ബാംഗ്ലൂര്‍ ഡോണ്‍ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസിലെത്തിയത്. തിരക്കുകള്‍ക്കിടയിലും അല്‍പനേരം Express Keralaയുമായി സംസാരിക്കാന്‍ ഫാ. ടോം ഉഴുന്നാലില്‍ സമയം കണ്ടെത്തി. ബാംഗ്ലൂര്‍ ഡോണ്‍ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ മാധ്യമവിഭാഗം ചുമതലയുള്ള ഫാ. ബോബി കണ്ണേഴത്തും ഒപ്പമുണ്ടായിരുന്നു.