തോമസ് ചാണ്ടി രാജി നല്‍കിയതായി സൂചന, താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവച്ചതായി സൂചന.

ചാണ്ടിയുടെ രാജി മുഖ്യമന്ത്രിയുടെ കയ്യില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ ഇതു സംബന്ധമായ സ്ഥിരീകരണമുണ്ടായേക്കും.

സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുമെന്ന് ശക്തമായ അഭ്യൂഹം ഉയര്‍ന്നിരുന്നു.

തോമസ് ചാണ്ടി വിവാദത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി കേസ് വീണ്ടും വെളളിയാഴ്ച പരിഗണിക്കുന്നുണ്ട്.

കോടതി വീണ്ടും കടുത്ത പ്രഖ്യാപനം നടത്തുമോയെന്ന ഭയം സര്‍ക്കാറിനുണ്ട്.

വെള്ളിയാഴ്ച തന്നെ പ്രത്യേക മന്ത്രിസഭാ യോഗവും അടുത്ത ദിവസങ്ങളില്‍ സി.പി.എം നേതൃയോഗവും ചേരുന്നുണ്ട്.

തോമസ് ചാണ്ടിയുടെ രാജി പ്രഖ്യാപനം അതുകൊണ്ട് തന്നെ നീളാന്‍ സാധ്യതയില്ല.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച തോമസ് ചാണ്ടിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുനഃപരിശോധനക്ക് സാധ്യതയുള്ളൂ.

മാര്‍ത്താണ്ഡം കായല്‍ തോമസ് ചാണ്ടി കയ്യേറിയതായി സ്ഥിരീകരിച്ച് കളക്ടര്‍ അനുപമ നല്‍കിയ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വിനയായത്.

റിപ്പോര്‍ട്ട്: എം വിനോദ്

Top